ആനപ്പുറത്ത് കയറി അഭ്യാസം, ആകാശത്തേയ്ക്ക് വെടിവയ്പ്പ്; ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്
പട്‌ന: ആനപ്പുറത്ത് കയറി അഭ്യാസപ്രകടനം നടത്തുകയും ആകാശത്തേക്ക് തുരുതുരാ വെടിവയ്ക്കുകയും ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരനില്‍ ബിജെപി എംഎല്‍എ വിനയ് ബിഹാരിക്കെതിരേയാണ് ആയുധ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎല്‍എയില്‍ നിന്ന് ആയുധം പിടിച്ചെടുത്തിട്ടുണ്ട്. വിനയ് ബിഹാരി ആനപ്പുറത്ത് കയറുകയും ലൈസന്‍സുള്ള റൈഫിള്‍ ഉപയോഗിച്ച് വായുവില്‍ വെടിവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ആഗസ്ത് 26ന് മചര്‍ഗാവ ഗ്രാമത്തിലെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ കന്‍സ് വാദ് എന്ന പേരില്‍ ഒരു മേള നടന്നു. അവിടെ ലോറിയ എംഎല്‍എ ആനപ്പുറത്ത് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് വെസ്റ്റ് ചമ്പാരന്‍ പോലിസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വര്‍മ പറഞ്ഞു. ആകാശത്തേക്ക് നിരവധി റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ട്. സംഭവം നാട്ടുകാരാണ് പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്ത്. തങ്ങള്‍ വൈറലായ വീഡിയോയെക്കുറിച്ച് അന്വേഷിക്കുകയും അത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
ആയുധ നിയമപ്രകാരം കേസെടുത്ത് ആയുധം പിടിച്ചെടുത്തു. ആയുധത്തിന്റെ ലൈസന്‍സ് വിനയ് ബിഹാരിയുടെ ഭാര്യയുടേതാണെന്ന് വര്‍മ പറഞ്ഞു. ആയുധങ്ങളും വെടിക്കോപ്പുകളും ആരാധിക്കുന്ന ഗ്രാമത്തില്‍ പതിവായി കന്‍സ് വാദ് മേള നടക്കാറുണ്ടെന്നാണ് എംഎല്‍എ പറയുന്നത്. തങ്ങളുടെ കുടുംബവും വര്‍ഷങ്ങളായി ഈ മേളയില്‍ പങ്കെടുക്കുകയും ആയുധങ്ങള്‍ പൂജിക്കുകയും ചെയ്യാറുണ്ട്. ഇതൊരു ആചാരപരമായ പ്രക്രിയയാണ് വായുവില്‍ വെടിയുതിര്‍ക്കുക എന്നത്. തെറ്റായ കാഴ്ചപ്പാടിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നാണ് എംഎല്‍എയുടെ വാദം.