ജഡ്ജിമാരുടെ നിയമനം; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്ത് നല്‍കി. കൊളീജിയം ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയുണ്ടെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് കേന്ദ്രനിയമമന്ത്രാലയം ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രിംകോടതി കൊളീജിയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ മാറ്റം വരുത്തി ഇതിന്റെ ഘടന ഭേദഗതി ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജഡ്ജി നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാനാണിതെന്നും കത്തില്‍ പറയുന്നു.
കൊളീജിയം വിഷയത്തില്‍ കേന്ദ്രവും സുപ്രിംകോടതിയും തമ്മിലുള്ള തര്‍ക്കം ഏറെ നാളായി തുടരുകയാണ്. ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ മടക്കി അയക്കുന്നത് കേന്ദ്രം ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ സുപ്രിംകോടതി ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് നിയമപരമല്ലെന്ന് സുപ്രിംകോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കോടതി കേന്ദ്രത്തിന് കത്തയച്ചിരുന്നു. 44 ഹൈക്കോടതി ജഡ്ജിമാരുടെ ശിപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എജി ഒരാഴ്ച മുമ്പ് സുപ്രിംകോടതിയെ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടായില്ല. രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഒമ്പത് ജഡ്ജിമാരുടെ മാത്രം നിയമന ഉത്തരവാണ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്.