കെ വി തോമസിന്റെ നിയമനം റദ്ദാക്കി തിരിച്ചുവിളിക്കണം: കെ കെ അബ്ദുല്‍ ജബ്ബാർ

Update: 2025-02-20 10:57 GMT
കെ വി തോമസിന്റെ നിയമനം റദ്ദാക്കി തിരിച്ചുവിളിക്കണം: കെ കെ അബ്ദുല്‍ ജബ്ബാർ

തിരുവനന്തപുരം: ഡല്‍ഹിയിലെ കേരള പ്രതിനിധിയായി ഇടതു സര്‍ക്കാര്‍ അയച്ച കെ വി തോമസിന്റെ ഇടപെടല്‍ മൂലം സംസ്ഥാനത്തിന് യാതൊരു ഗുണവും ലഭിക്കാത്ത സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കി തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്നതിന് പ്രത്യുപകാരമായി കെ വി തോമസിനെ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി ഡല്‍ഹിയില്‍ കുടിയിരുത്തുകയായിരുന്നു. 2023 ല്‍ ജനുവരിയിലാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. കെ വി തോമസിന്റെ നിയമനം കൊണ്ട് കേരളത്തിന് എന്താണ് നേട്ടമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്‍ പോലും കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. പിന്നെ എന്ത് റോളാണ് കെ വി തോമസിനുള്ളത്.

കെ വി തോമസിന്റെ യാത്രാ ബത്ത ഇരട്ടിയിലധികം ഉയര്‍ത്താനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പൊതുഖജനാവിലെ പണം ഇഷ്ടക്കാര്‍ക്ക് ദാനം നല്‍കാനുള്ളതല്ലെന്നും സര്‍ക്കാര്‍ തിരിച്ചറിയണം. നിലവില്‍ യാത്രാ ബത്തയായി പ്രതിവര്‍ഷം അനുവദിച്ചിരുന്നത് അഞ്ചു ലക്ഷമായിരുന്നെങ്കിലും ആറര ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിരുന്നത്. ഇപ്പോള്‍ 11.31 ലക്ഷമായി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാര്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ട്. ഇവരുടെയെല്ലാം വേതനവും മറ്റു ചെലവുകളുമായി ലക്ഷങ്ങളാണ് പ്രതിമാസം ചെലവഴിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കോടികളാണ് ഇതുവഴി ധൂര്‍ത്തടിച്ചിരിക്കുന്നത്. ഏറെ കാലം കേന്ദ്ര മന്ത്രിയായും എംപിയായും എം.എല്‍.എയായും പ്രവര്‍ത്തിച്ചതു വഴി വന്‍തുക പെന്‍ഷന്‍ ഇനത്തില്‍ തന്നെ കെ വി തോമസ് കൈപ്പറ്റുന്നുണ്ട്.

ജനവിധിയില്‍ പരാജയപ്പെട്ട എ സമ്പത്തിനെ ഡെല്‍ഹിയില്‍ തസ്തിക സൃഷ്ടിച്ച് കുടിയിരുത്തിയതു വഴിയും കോടികളാണ് ധൂര്‍ത്തടിച്ചത്. നികുതികളും ചാര്‍ജുകളും കുത്തനെ വര്‍ധിപ്പിച്ചും സെസും പിഴയും ഈടാക്കിയും സാധാരണക്കാരെ കൊള്ളയടിച്ചുണ്ടാക്കുന്ന പണമാണ് ഇഷ്ടക്കാരുടെ സുഖവാസത്തിനായി ചെലവഴിക്കുന്നത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലാണ്. ഇതിനിടെ എയ്ഡഡ് സ്‌കൂളില്‍ 13 ലക്ഷം രൂപ കോഴ നല്‍കി നിയമനം നേടി ഏഴു വര്‍ഷം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംസ്ഥാനത്താണ് പിഎസ് സി അംഗങ്ങള്‍ക്കുള്‍പ്പെടെ ലക്ഷങ്ങള്‍ വാരിക്കോരി നല്‍കുന്നത്. ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടിവരുന്നതിന് ആളുകളെ പ്രലോഭിപ്പിക്കുന്നതിനാണ് ഇത്തരം സ്ഥാനമാനങ്ങളും ആനുകുല്യങ്ങളും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നല്‍കുന്നത്. ജീവിതം വഴിമുട്ടിയ സാധാരണക്കാരെ കൊള്ളയടിച്ച് പണമുണ്ടാക്കി ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്‍വാങ്ങണം. കെ വി തോമസിന്റെ നിയമനം തന്നെ റദ്ദാക്കി അദ്ദേഹത്തെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News