ഇപി ജയരാജനെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല; കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പോലിസ്
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തിയിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പോലിസ്. ഗൂഢാലോചനയ്ക്ക് തെളിവായി പോലിസ് ശേഖരിച്ച വാട്‌സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കുക. മുഖ്യമന്ത്രിയെ വധിക്കാന്‍ ശബരീനാഥിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്ന വാട്‌സാപ്പ് ചാറ്റുകള്‍ ഉയര്‍ത്തിക്കാട്ടി പോലിസ് ആരോപിച്ചിരുന്നു. പിന്നാലെ ഗൂഢാലോചന കേസില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥിനെതിരെ വലിയതുറ പോലിസ് കേസെടുത്തു. കേസില്‍ ശബരീനാഥന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസിലാണ് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ജയരാജനെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല
അതേസമയം, വിമാനത്തിലെ കയ്യേറ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ എയര്‍ ക്രാഫ്റ്റ് ആക്ട് ഇപ്പോള്‍ ചുമത്തില്ലെന്ന് വലിയതുറ പോലിസ് വ്യക്തമാക്കി.
ഈ കേസില്‍ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. ഇതിന് ശേഷം ജയരാജനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവരേയും ചോദ്യം ചെയ്യുമെന്ന് പോലിസ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസുകളുടെ അടിസ്ഥാനത്തിലാകും അന്വേഷണമെന്നും കുറ്റകൃത്യം തെളിഞ്ഞാല്‍ മാത്രം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പോലിസ് വ്യക്തമാക്കുന്നത്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തിയിരുന്നു.