തീവ്ര ഹിന്ദുത്വ സംഘത്തിന്റെ അറസ്റ്റ്: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണം- പോപുലര്‍ ഫ്രണ്ട്

വെള്ളമുണ്ട ഒന്‍പതാം മൈലില്‍ ഭാരത് പട്രോള്‍ പമ്പിന്റെ നടത്തിപ്പുകാരായ വെള്ളമുണ്ട വാരാമ്പറ്റ സ്വദേശി എ സി നാസര്‍, പുളിഞ്ഞാല്‍ സ്വദേശി ജോസ് വയനാട്ടില്‍ എന്നിവരെ വധിക്കാനുള്ള നീക്കത്തിനിടെ തൊണ്ടര്‍നാട് പോലിസ് അറസ്റ്റ് ചെയ്ത ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരുന്നതിനായി സമഗ്രമായ അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.

Update: 2020-08-23 13:25 GMT

പേരാമ്പ്ര: വെള്ളമുണ്ട ഒന്‍പതാം മൈലില്‍ ഭാരത് പട്രോള്‍ പമ്പിന്റെ ലൈസന്‍സികളെ വധിക്കാനുള്ള ശ്രമത്തിനിടെ തീവ്രഹിന്ദുത്വ സംഘടനയായ പേരാമ്പ്രയിലെ ശിവജി സേനാ പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം ഞെട്ടിക്കുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് പേരാമ്പ്ര ഡിവിഷന്‍ കമ്മറ്റി അറിയിച്ചു.

വെള്ളമുണ്ട ഒന്‍പതാം മൈലില്‍ ഭാരത് പട്രോള്‍ പമ്പിന്റെ നടത്തിപ്പുകാരായ വെള്ളമുണ്ട വാരാമ്പറ്റ സ്വദേശി എ സി നാസര്‍, പുളിഞ്ഞാല്‍ സ്വദേശി ജോസ് വയനാട്ടില്‍ എന്നിവരെ വധിക്കാനുള്ള നീക്കത്തിനിടെ തൊണ്ടര്‍നാട് പോലിസ് അറസ്റ്റ് ചെയ്ത ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരുന്നതിനായി സമഗ്രമായ അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.

പേരാമ്പ്ര ആസ്ഥാനമായുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ ശിവജി സേന ജില്ലക്ക് അകത്തും പുറത്തും അക്രമങ്ങള്‍ക്ക് ആസൂത്രണം ചെയ്യുന്ന ഗൂഢക്രിമിനല്‍ സംഘമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും പേരാമ്പ്ര ശിവജി സേനയിലെ പരിശീലകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പ്രസൂണ്‍ കുമാര്‍(28), പ്രവര്‍ത്തകരായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍ (29), പേരാമ്പ്ര ചങ്ങരോത്ത് കുന്നോത്ത് വീട്ടില്‍ അരുണ്‍ (28), കുറ്റിയാടി പാലേരി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത് (28), പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ ആര്‍ (24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ച് നിരവധി അക്രമങ്ങള്‍ നടത്തിയ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പ്രതികള്‍. പേരാമ്പ്രക്കടുത്ത് കല്ലോട് വെച്ച് കന്നുകാലി കച്ചവടക്കാരുടെ വാഹനം തടഞ്ഞ് നിര്‍ത്തി അക്രമിച്ചതും, പേരാമ്പ്ര ടൗണില്‍ പാര്‍ക്കിങിന്റെ പേരിലും മറ്റും വാഹന അപകടങ്ങള്‍ ഉണ്ടാക്കി അക്രമങ്ങളും സാമ്പത്തിക ചൂഷണവും ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നടത്തുന്ന വന്‍ ക്രിമിനല്‍ സംഘത്തിലെ കണ്ണികളുമാണിവര്‍.

ആര്‍എസ്എസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ശിവജി സേനയെന്ന തീവ്രഹിന്ദുത്വ ക്വട്ടേഷന്‍ സംഘത്തെ ആര്‍എസ്എസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് വടകര ജില്ലാ കാര്യവാഹക് അരവിന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശിവജി സേന നേതാവ് മധുവിനെ ആര്‍എസ്എസ് സംഘം പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് പട്ടാപ്പകല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായി. ഇതും ഇവരുടെ അക്രമങ്ങളുടെ നീണ്ട അക്രമ ചരിത്രങ്ങളില്‍ ചിലതാണ്.

ഹിന്ദുത്വ സംഘത്തിന്റെ ആഘോഷങ്ങളിലും മറ്റും ശിവജി സേനയുടെ സാന്നിധ്യം പരസ്യമാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി അരവിന്ദന് ശിവജി സേന പരസ്യമായി പിന്തുണ നല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച കേരള യാത്രയോടനുബന്ധിച്ച് പേരാമ്പ്രയില്‍ ശിവജി സേന പ്രവര്‍ത്തകര്‍ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടത്തിയ അക്രമത്തില്‍ സിപിഎമ്മോ പോലിസോ ഇവര്‍ക്കെതിരേ ചെറുവിലരല്‍ അനക്കിയിട്ടില്ലായിരുന്നു.

ആവശ്യ ഘട്ടങ്ങളിലെല്ലാം ഇവരെ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ ഇവര്‍ക്കെതിരേ സിപിഎം അനങ്ങാതിരിക്കുകയും കഴിഞ്ഞ ദിവസം പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ നടന്ന സിപിഎം അക്രമത്തില്‍ അവര്‍ക്കൊപ്പം തീവ്രഹിന്ദുത്വ ശക്തികളുടെ സാന്നിധ്യവും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

പ്രതികള്‍ക്കെതിരേ പേരാമ്പ്ര, കൊയിലാണ്ടി സ്‌റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്നെല്ലാം ഇവര്‍ക്ക് രക്ഷപ്പെടാനും സംരക്ഷണം നല്‍കാനും പോലിസില്‍ ശക്തമായ സ്വാധീനമാണിവര്‍ക്കുള്ളത്. തീവ്രഹിന്ദുത്വ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം വെളിച്ചത്ത് കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോപങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും ഡിവിഷന്‍ കമ്മറ്റി അറിയിച്ചു. ഡിവിഷന്‍ പ്രസിഡണ്ട് വി നൗഷാദ് അധ്യക്ഷത വഹിച്ചു. പി സി അഷറഫ്, മാക്കൂല്‍ മുഹമ്മത്, ജസീല്‍, റസാഖ് സംസാരിച്ചു.


Tags:    

Similar News