അന്തര്‍സംസ്ഥാന തൊഴിലാളികളുടെ അറസ്റ്റ്: സ്വര്‍ണകള്ളക്കടത്ത് കേസില്‍ വി മുരളീധരനെതിരെയുള്ള ആരോപണം മറച്ചുപിടിക്കാനെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്
റിയാദ്: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വ്യാപക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നടന്ന അന്തര്‍സംസ്ഥാന തൊഴിലാളികളുടെ അറസ്റ്റ് ദുരൂഹത ഉയര്‍ത്തുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ് കമ്മിറ്റി. ദിവസ വേതനത്തിന് തുണിക്കടയിലും റെസ്‌റ്റോറന്റിലും മറ്റും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വി മുരളീധരന്‍ കുടുങ്ങുമെന്നായപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നടകമെന്ന് പൊതുവേ ആരോപണമുണ്ട്.
ബിജെപിക്ക് കാര്യമായി വേരോട്ടമില്ലാത്ത കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മുസ്‌ലിംവിരുദ്ധത പടര്‍ത്തിയും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിട്ടും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയും അധികാരം പിടിച്ചെടുക്കുക എന്ന ഗൂഢനീക്കം അണിയറയില്‍ നടന്നുകൊണ്ടിരിക്കയാണ്. ഇതിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യ ഭീകരരുടെ താവളമായി മാറിയിരിക്കയാണ് എന്നുള്ള ബിജെപിയുടെ പരാമര്‍ശം. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളേയും സംഘപരിവാരം ഇതിനു വേണ്ടി ദുരുപയോഗം ചെയ്യുന്നുമുണ്ട്.
സംഘപരിവാര അജണ്ട നടപ്പാക്കാനുള്ള ഒരു ചട്ടുകമായി എന്‍ഐഎ മാറിയിരിക്കയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അതു ശരിവയ്ക്കുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതും.
രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന രേഖകളും രഹസ്യങ്ങളും സംഘപരിവാര സഹയാത്രികര്‍ ശത്രുരാജ്യത്തിന് കൈമാറിയിട്ട് ഒരന്വേഷണവും നടത്താത്ത എന്‍ഐഎ നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ഭീകരന്‍മാരായും രാജ്യദ്രോഹികളായും മുദ്രകുത്തി നിശ്ശബ്ദരാക്കുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തേണ്ട ഒരു ഏജന്‍സി സംഘപരിവാരത്തിന് ദാസ്യവേല ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.
ദലിതരെയും ന്യൂനപക്ഷങ്ങളെയും ഭീകരന്‍മാരായി ചിത്രീകരിച്ച് ജയിലറകളിലിട്ടും വംശഹത്യ നടത്തിയും സംഘപരിവാരം ഹിന്ദു രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് നടന്നടുക്കുമ്പോള്‍ സംഘപരിവാര്‍ സര്‍ക്കാരിന്റെ നുണപ്രചരണങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ സത്യസന്ധവും നിഷ്പക്ഷവുമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കണമെന്നും നീതിക്കു വേണ്ടി ശബ്ദിക്കണമെന്നും
ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.