സൗരോർജ കരാറിന് കൈക്കൂലി; അദാനിക്കെതിരെ യുഎസിൽ അറസ്റ്റ് വാറൻ്റ്

Update: 2024-11-21 02:31 GMT

വാഷിങ്ടൺ: അദാനി ഗ്രൂപ്പ് ഉടമയും ലോകത്തിലെ അതിസമ്പന്നരിൽ ഒരാളുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ കേസ്. ഇന്ത്യയിലെ ശതകോടികളുടെ കൈക്കൂലി, തട്ടിപ്പ് പദ്ധതി കേസിലാണ് അദാനിയെ പ്രതി ചേർത്തിരിക്കുന്നതെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ അറിയിച്ചു.

ഗൗതം അദാനിക്ക് പുറമെ സഹോദരപുത്രൻ സാഗർ അദാനി അടക്കം ഏഴ് പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കോടതി അറസ്റ്റ് വാറൻ്റ് ഇറക്കി. ഇത് ഉടൻ ഇന്ത്യക്ക് കൈമാറും. വിദേശ രാജ്യങ്ങളിലെ കൈക്കൂലി - അഴിമതി സംഭവങ്ങളിൽ കേസെടുക്കാൻ അമേരിക്കൻ നിയമപ്രകാരമാണ് ഇവർക്കെതിരായ കേസ് എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സൗരോർജ കരാർ ലഭിക്കാൻ 2,236 കോടി രൂപ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി വാഗ്ദാനം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് അദാനി ഗ്രൂപ്പിന് അടുത്ത് ഇരുപത് വർഷത്തിൽ 16,800 കോടി രൂപ ലാഭം ഉണ്ടാക്കുമായിരുന്നു.

ഗൗതം അദാനിയെ കേസിലെ മറ്റു പ്രതികൾ 'നമ്പർ വൺ ', 'വലിയ ആൾ' എന്നൊക്കെ വിശേഷിപ്പിച്ച് അഴിമതി ചർച്ച ചെയ്യുന്നതിൻ്റെ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. സാഗർ അദാനിയുടെ ഫോണിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

അദാനി ഗ്രീൻ എനർജി കമ്പനി വ്യാജ സ്കീം രൂപീകരിച്ച് 25,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം യുഎസിലെ വിദേശ കൈക്കൂലി നിയമത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റമാണ്.

ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ 22ാം സ്ഥാനമാണ് അദാനിക്കുള്ളത്.

Similar News