തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ്. ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയിതിനാണ് വാറന്റ്. നിലവില്‍ ഫിറോസ് തുര്‍ക്കിയിലാണ്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലിസിന്റെ ക്രിമിനല്‍വല്‍ക്കരണവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസ് ഫിറോസിനെതിരേ കേസെടുത്തിരുന്നു. ഈ കേസില്‍ പിന്നീട് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം നല്‍കുകയായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ വിദേശയാത്രക്ക് അനുമതിയില്ലെന്നിരിക്കെ തുര്‍ക്കിയിലേക്ക് പോയതാണ് നിലവിലെ അറസ്റ്റ് വാറന്റിനു കാരണം.
പാസ്പോര്‍ട്ടുള്ള പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരായിരുന്നു നിയമ സഭയിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പൊതുമുതല്‍ നശിപ്പിച്ചതിനായിരുന്നു ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തത്.