കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

Update: 2024-12-31 10:46 GMT

കൊറിയ: ഇംപീച്ച് ചെയ്യപ്പെട്ട കൊറിയന്‍ പ്രസിഡന്റ് പ്രസിഡന്റ് യൂന്‍ സുക് യോളിനെതിരേ ദക്ഷിണ കൊറിയയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അധികാര ദുര്‍വിനിയോഗത്തിനും കലാപത്തിന് പ്രേരിപ്പിച്ചതിനും അന്വേഷണം നേരിടുന്ന യൂന്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മൂന്ന് സമന്‍സുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി.

സൈനികനിയമം പ്രഖ്യാപിക്കുന്നത് പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാര പരിധിക്കുള്ളിലായതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് തിങ്കളാഴ്ച യൂനിന്റെ നിയമസംഘം പറഞ്ഞു. സൈനിക നിയമം പ്രഖ്യാപിക്കാനുള്ള തന്റെ തീരുമാനത്തെ യൂന്‍ നേരത്തെ ന്യായീകരിച്ചിരുന്നു, 'അവസാനം വരെ പോരാടുമെന്നും തന്റെ നിയമപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും യൂന്‍ പറഞ്ഞിരുന്നു.

യുനിനെയും പിന്‍ഗാമിയെയും പ്രതിപക്ഷ ആധിപത്യമുള്ള പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ ദക്ഷിണ കൊറിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഡിസംബര്‍ 14നാണ് അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ രാജ്യത്തെ ഭരണഘടനാ കോടതി അദ്ദേഹത്തിന്റെ ഇംപീച്ച്‌മെന്റ് ശരിവച്ചാല്‍ മാത്രമേ പ്രസിഡന്റിന്റെ സ്ഥാനത്തുനിന്നും യൂനിനെ നീക്കം ചെയ്യാന്‍ കഴിയൂ. ദക്ഷിണ കൊറിയയില്‍ അറസ്റ്റ് നേരിടുന്ന ആദ്യ സിറ്റിംഗ് പ്രസിഡന്റാണ് യൂന്‍.

Tags:    

Similar News