ചാംപ്യന്‍മാരെ ഷൂട്ടൗട്ടില്‍ വീഴ്ത്തി; ആഴ്സണലിന് കമ്മ്യൂണിറ്റി ഷീല്‍ഡ്

Update: 2020-08-29 19:17 GMT

വെംബ്ലി: വെംബ്ലി സ്റ്റേഡിയം വീണ്ടും ആഴ്സണലിനും ഒബാമയങിനും വഴി മാറികൊടുത്തു. എഫ് എ കപ്പിനുശേഷം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടവും സ്വന്തമാക്കി മൈക്കല്‍ അര്‍ട്ടേറ്റയുടെ ടീം. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ആഴ്സണല്‍ സീസണിലെ ആദ്യ കിരീടം നേടിയത്. ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സീസണിന് തുടക്കമിടുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കാമെന്ന കോച്ച് ക്ലോപ്പിന്റെയും ടീമിന്റെയും പ്രതീക്ഷയാണ് ആഴ്സണല്‍ തകര്‍ത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ആഴ്സണല്‍ ചാംപ്യന്‍മാരായത്. 1-1ന് മല്‍സരം സമനിലയിലാവുകയായിരുന്നു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മല്‍സരത്തില്‍ മികച്ച തുടക്കം ലഭിച്ചത് ലിവര്‍പൂളിനായിരുന്നു. എന്നാല്‍ ഗോള്‍ വീണതാവട്ടെ 12ാം മിനിറ്റില്‍ ആഴ്സണലിന്റെ ടോപ് സ്‌കോറര്‍ ഒബമായെങ്ങിലൂടെ. തുടര്‍ന്ന് ലഭിച്ച അവസരങ്ങളൊന്നും ഗോള്‍ ആക്കാന്‍ ലിവര്‍പൂളിനായില്ല. തുടര്‍ന്ന് സബ്ബായി ഇറക്കിയ മിനാമിനോയാണ് 73ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ലീഡ് നേടാന്‍ ഇരു ടീമും ശ്രമിച്ചെങ്കിലും അത് നടന്നില്ല. സലാഹ്, മാനെ എന്നിവര്‍ ഉണ്ടായിട്ടും ലിവര്‍പൂളിന് തനത് പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനായി സലാ, ഫാബിനോ, മിനാമിനോ, ജോണ്‍സ് എന്നിവര്‍ വലകുലുക്കി. എന്നാല്‍ ബ്രൂയിസ്റ്ററിന്റെ കിക്ക് ബാറില്‍ തട്ടി പുറത്തേക്ക് പോയി. ആഴ്സണലിനായി നെല്‍സണ്‍, നൈല്‍സ്, സെഡെറിക്ക്, ഡേവിഡ് ലൂയിസ്, ഒബാമയങ്ങ് എന്നിവര്‍ കിക്ക് എടുത്ത് ഗോള്‍ നേടി. 5-4ന്റെ ജയവും സ്വന്തമാക്കി വെംബ്ലിയില്‍ ആഴ്സണല്‍ കിരീടം കരസ്ഥമാക്കി.


Tags:    

Similar News