കേന്ദ്രഭരണ പ്രദേശം ഭരിക്കുന്ന സമയത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തന്റെ സഹായം തേടാം; ഉമര്‍ അബ്ദുല്ലയോട് കെജ്രിവാള്‍
ജമ്മു കശ്മീരിലെ തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശം ഭരിക്കുന്ന സമയത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തന്റെ സഹായം തേടണമെന്ന് നിയുക്ത ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയോട് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ജമ്മു കശ്മീരിലെ തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഡല്‍ഹിയെപ്പോലെ ജമ്മു കശ്മീരും കേന്ദ്രഭരണ പ്രദേശമായി, എല്ലാ അധികാരവും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ജോലിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് ചോദിക്കൂ, ''കെജ്രിവാള്‍ പറഞ്ഞു
പ്രസംഗത്തിനിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചു. ''മോദി രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും തന്റെ ഒരു സുഹൃത്തിന് നല്‍കുന്നു, അതേസമയം ഞാന്‍ ഡല്‍ഹിയിലെ 3 കോടി ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നു'' കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ എല്ലാ ആളുകള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസവും വൈദ്യചികിത്സയും വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കിയതില്‍ പ്രധാനമന്ത്രി മോദിക്ക് തന്നോട് ദേഷ്യമുണ്ടെന്നും എഎപി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാന്‍ അനുവദിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിയുടെ ഏക എംഎല്‍എ മാലിക്കിന് തന്റെ സര്‍ക്കാരില്‍ എന്തെങ്കിലും ഉത്തരവാദിത്തം ഒമര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി കെജ്രിവാള്‍ പറഞ്ഞു.