തിരുവനന്തപുരം: ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് എട്ടുവരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ഒന്നാംനിര സ്ഥാപനങ്ങളെ അല്ലെങ്കില്‍ നാക് എ ഗ്രേഡ് ലഭിച്ച കോളേജുകളെയും സര്‍വകലാശാലാ അംഗീകാരമുള്ള റിസര്‍ച്ച് ഗൈഡിനെയും തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കണം.
മാതൃസ്ഥാപനത്തിലെ പ്രിന്‍സിപ്പാള്‍, വകുപ്പു മേധാവി, സ്‌കോളര്‍ഷിപ്പ് നോഡല്‍ ഓഫിസര്‍ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയും ഗൈഡും വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന സിനോപ്‌സിസുകള്‍, ഉന്നത അക്കാദമിക നിലവാരം പുലര്‍ത്തുന്നതും വിജ്ഞാനപ്രദവും മൂല്യവത്തുമാണെന്ന് ഉറപ്പുവരുത്തണം. ഈ പരിശോധന നടത്തി അംഗീകാരം നല്‍കാത്ത കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമായാല്‍ ഉത്തരവാദിത്തം സ്ഥാപനമേധാവികള്‍ക്കായിരിക്കും- ഉത്തരവില്‍ പറഞ്ഞു.