സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ ഡല്‍ഹി പോലിസ് ഹൈക്കോടതിയില്‍

Update: 2022-12-01 09:21 GMT

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ ഡല്‍ഹി പോലിസിന്റെ ഹരജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹരജി നല്‍കിയത്. 2023 ഫെബ്രുവരി ഏഴിന് ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ ശശി തരൂര്‍ എംപിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ നിന്നും ഒരു പ്രതിക്ക് വിടുതല്‍ നല്‍കിയാല്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ അന്വേഷണസംഘത്തിന് അവകാശമുള്ള സമയപരിധി ലംഘിച്ചതില്‍ ഇളവ് നല്‍കണമെന്നാണ് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷയില്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് അറിയിച്ചുള്ള നോട്ടിസാണ് കോടതി തരൂരിന് കൈമാറിയത്.

കേസിലെ രേഖകള്‍ കൃത്യമായി തരൂരിന്റെ വക്കീലിന്റെ പക്കല്‍ നേരിട്ട് ഏല്‍പ്പിക്കണമെന്നും രേഖകള്‍ പുറത്തുവിടരുതെന്നും കോടതി നിര്‍ദേശം നല്‍കി. 2021 ആഗസ്തിലാണ് ശശി തരൂരിനെ ഡല്‍ഹി റോസ് അവന്യൂ കോടതി കേസില്‍ കുറ്റവിമുക്തനാക്കിയത്. സുനന്ദ പുഷ്‌കര്‍ ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ ഡല്‍ഹി പോലിസിന്റെ നടപടി റദ്ദാക്കണമെന്ന ശശി തരൂരിന്റെ ഹരജി പരിഗണിച്ചായിരുന്നു നടപടി. ശശി തരൂരിനെതിരേ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു അന്ന് ഡല്‍ഹി പോലിസ് ഉന്നയിച്ച ആവശ്യം.

ഐപിസി 306 ആത്മഹത്യാ പ്രേരണ, 498 എ ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ശശി തരൂരിനെതിരേ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്. 2014 ജനുവരി 17നാണ് തരൂരിന്റെ ഭാര്യയായ സുനന്ദയെ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് ആരോപണമുയര്‍ന്നെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പോലിസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മെയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തരൂരിനെ കുറ്റവിമുക്തനാക്കി.

ഇതിനെതിരെയാണ് ഡല്‍ഹി പോലിസ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. സിബിഐ കോടതിയുടെ വിധിക്കെതിരേ 15 മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തതെന്ന് തരൂരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വിനോദ് പഹ്‌വ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഹരജിയുടെ പകര്‍പ്പ് കേസുമായി ബന്ധമില്ലാത്ത മറ്റാര്‍ക്കും കൈമാറരുതെന്ന തരൂരിന്റെ അഭിഭാഷകന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. ഡല്‍ഹി പോലിസ് ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു ആവശ്യം തരൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്.

Tags:    

Similar News