മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം

Update: 2024-12-03 11:43 GMT

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെ നദീം ഖാന്‍ പങ്കുവെച്ച വീഡിയോകള്‍ സമൂഹത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി എന്ന് ആരോപിച്ചാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് നദീം ഖാനെതിരെ ചുമത്തിയിരുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശനിയാഴ്ച ബെംഗളൂരുവില്‍വെച്ച് നദീം ഖാനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലിസ് ശ്രമിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം.

അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ് നദീം ഖാന്‍. വാറണ്ടില്ലാതെയാണ് നദീമിനെ കസ്റ്റഡിയിലെടുക്കാന്‍ പോലിസ് ശ്രമിച്ചതെന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഭാരവാഹികള്‍ ആരോപിച്ചു.

ഖാനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി, എഫ്‌ഐആറില്‍ പറഞ്ഞ ഒരു കുറ്റവും കണ്ടെത്താനാവില്ലെന്നും എഫ്‌ഐആറും അതിലെ ആരോപണങ്ങളും പരാതിക്കാരന് വേണ്ടിയുള്ള ഊഹം മാത്രമാണെന്നും അടിസ്ഥാനപരമായ വസ്തുതകളൊന്നുമില്ലെന്നും സിബല്‍ വാദിച്ചു. നദീം ഖാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണെന്നും അവിടെ പല കാറ്യങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്തിനകത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നും ഡല്‍ഹി പോലിസ് ആരോപിച്ചു.

രാജ്യത്തിന്റെ സമാധാനം തകര്‍ക്കാനാണ് ഖാന്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി പോലിസ് വാദിച്ചപ്പോള്‍, നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണെന്നും നമ്മുടെ രാജ്യത്തിന്റെ ഐക്യം അത്ര ദുര്‍ബലമല്ലെന്നും കേവലം  ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ തകര്‍ന്നു പോകുന്നതല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags:    

Similar News