ഡല്‍ഹി കലാപക്കേസ്: ഖാലിദ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: വിചാരണക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ ചോദ്യം ചെയ്ത് യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് എന്ന സംഘടനയും ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഖാലിദ് സെയ്ഫിയും സമര്‍പ്പിച്ച അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെയ്ഫിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണും ഡല്‍ഹി പോലിസിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദും ഹാജരായി.
സെയ്ഫി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡിസംബര്‍ എട്ടിന് അമിത് പ്രസാദിന്റെ വാദം പൂര്‍ത്തിയായിരുന്നു. ഖാലിദ് സെയ്ഫിക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിവയ്ക്കുന്നതാണെന്ന് കാണിച്ച് വിചാരണക്കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്താണ് ഏപ്രില്‍ 8ന് സെയ്ഫിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയിലാണ് ഡല്‍ഹി പോലിസ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും യുഎപിഎയിലെയും നിരവധി വകുപ്പുകള്‍ പ്രകാരമാണ് സെയ്ഫിക്കെതിരേ കേസെടുത്തത്.
രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങള്‍ക്ക് സെയ്ഫി നേതൃത്വം കൊടുത്തുവെന്നാണ് പോലിസ് അറസ്റ്റ് ചെയ്യാനുള്ള കാരണമായി കോടതിയില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കല്ലേറ് കേസില്‍ ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി ഉള്‍പ്പെടെയുള്ളവരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ഇരുവര്‍ക്കുമെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. 2020 ഫെബ്രുവരി 24 ന് ചാന്ദ് ബാഗ് പുലിയയ്ക്ക് സമീപം വന്‍ ജനക്കൂട്ടം തടിച്ചുകൂടി കല്ലെറിയാന്‍ തുടങ്ങിയെന്ന ഒരു കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.