മുകുന്ദന്‍ സി മേനോന്‍ മഹാനായ മനുഷ്യാവകാശ പോരാളി- വിളയോടി ശിവന്‍കുട്ടി

മനുഷ്യാവകാശ പോരാട്ടങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയ മുകുന്ദന്‍ സി മേനോന്റെ വിയോഗത്തിനു ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയുടെ ഓര്‍മക്കുറിപ്പ്

Update: 2020-12-12 07:20 GMT

     1990കളോടെയാണ് മുകുന്ദന്‍ സി മേനോനുമായി ആത്മബന്ധം സ്ഥാപിതമാവുന്നത്. സിഎച്ച്ആര്‍ഒയിലൂടെ. പാലക്കാട് നടക്കുന്ന എല്ലാ പരിപാടിയിലും എന്നെ വിളിക്കുമായിരുന്നു. ഞാന്‍ സിആര്‍സിസിപി ഐ(എംഎല്‍) പ്രസ്ഥാനത്തിലും മാവോയിസ്റ്റ് ഐക്യ കേന്ദ്രത്തിലും കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് പോരാട്ടത്തിലും അയ്യങ്കാളിപ്പടയിലും പ്രവര്‍ത്തനനിരതമായ സന്ദര്‍ഭത്തിലും എന്നോടുള്ള സമീപനം സ്‌നേഹനിര്‍ഭരമായിരുന്നു. അതിനുശേഷം ഞാന്‍ വിശ്വസിച്ച പ്രസ്ഥാനം എന്നെ ചതിച്ചപ്പോള്‍ മനുഷ്യാവകാശത്തിന്റെ ആശയം കൈമാറിക്കൊണ്ടാണ് അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചത്. 1996ല്‍ ആദിവാസി ഭൂ പ്രശ്‌നം ഉന്നയിച്ചുകൊണ്ട് പാലക്കാട് ജില്ലാ കലക്ടര്‍ ഡബ്ല്യു ആര്‍ റെഡ്ഡിയെ അയ്യങ്കാളിപ്പട ബന്ദിയാക്കിയപ്പോള്‍ ഞങ്ങള്‍ മുകുന്ദന്‍ സി മേനോനെയാണ് മധ്യസ്ഥത വഹിക്കാന്‍ കണ്ടെത്തിയ ആദ്യത്തെ പേര്. പാലക്കാട് കല്‍മണ്ഡപം ഷെരീഫിനൊപ്പം പലവട്ടം വീട്ടില്‍ വന്നിട്ടുണ്ട്. ഷൊര്‍ണുര്‍ ഉസ്മാനിക്കയോടൊപ്പവും വരുമായിരുന്നു. ഒരു പക്ഷേ, ആ കൂടികാഴ്ചകള്‍ ആയിരിക്കാം ഇന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ആയിരിക്കാന്‍ നിയോഗമായത്. ബന്ദി സമരത്തിന് ശേഷം സൂര്യ ടിവി യില്‍ ആദ്യമായി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് മേനോന്‍ ആയിരുന്നു. കെ വേണു, കെ രാമന്‍പിള്ളയടക്കം ഉണ്ടായിരുന്നു. എന്തായാലും ഞാന്‍ വിശ്വസിച്ച എന്റെ പ്രസ്ഥാനത്തെക്കാള്‍ എന്നെ ഒരു മനുഷ്യാവകാശ പോരാളിയാക്കി മാറ്റിയത് ഞാന്‍ മുകുന്ദേട്ടന്‍ എന്നു വിളിക്കുന്ന മുകുന്ദന്‍ സി മേനോന്‍ തന്നെയാണ്.

    1992ല്‍ പുതുപ്പള്ളി തെരുവിലെ വെടിവയ്പില്‍ 11 വയസ്സുകാരിയായ സിറാജുന്നിസ കൊല്ലപ്പെട്ട സംഭവം മുരളി മനോഹര്‍ ജോഷിയുടെ രഥയാത്രയുടെ ഫലമാണ്. അന്ന് ഞാനും അഡ്വ. വിജയസാരഥിയും എം എന്‍ രാവുണ്ണിയും മേനോനോടൊപ്പം വസ്തുതാന്വേഷണം നടത്തിയത് എത്ര ആവേശത്തോടെയും എത്ര ഗൗരവം നിറഞ്ഞതുമാണെന്ന് ഞാന്‍ ഓര്‍ക്കുന്നു. മാധ്യമപ്രവര്‍ത്തനം വെറും ഉപജീവന കൂലിയെഴുത്ത് മാത്രമല്ല എന്നതിന്നു മേനോന്‍ ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ഹൈദരാബാദ് ലേഖങ്ങള്‍ ഉദാഹരണം മാത്രം. നക്‌സ്ല്‍ പോലിസ് ഏറ്റുമുട്ടല്‍ കൊലകളും ഭരണകൂടത്തിന്റെ അതിക്രമങ്ങളും അന്ന് എഴുതാന്‍ ധൈര്യപ്പെട്ടത് മേനോന്‍ ആയിരുന്നു. ചുറുചുറുക്കും ധൈര്യവും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും എന്നെ ആകര്‍ഷിച്ചുനിര്‍ത്തിയിട്ടുണ്ട്. അതു കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തനം ഓഫിസിലേ ശീതീകരണ മുറികളിലോ വാട്‌സ് ആപ്, ഫേസ്ബുക്ക്കളിലൂടെയോ വെബിനാര്‍ നടത്തിയോ സ്തുതിച്ചും ഭൂതകാലങ്ങളില്‍ അഭിരമിച്ചു മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ തൂക്കം ഒപ്പിക്കുന്നവര്‍ക്ക് മേനോന്‍ എന്നും ഒരു താക്കീതും വെല്ലുവിളിയുമാണ്. ഇന്ത്യയില്‍ ദലിതരും ആദിവാസികളും മുസ് ലിംകളും കര്‍ഷകരും തൊഴിലാളികളുമായ മുഴുവന്‍ ജനങ്ങളും ഇന്ന് ഒരു വലിയ വിപത്തിനെ നേരിടുമ്പോള്‍, ജനാധിപത്യവും മനുഷ്യാവകാശവും അപായപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിനെതിരേ എനിക്കെന്തു സംഭവിക്കും എന്നല്ല, നീതിയും സത്യവും പുലര്‍ന്നു കാണാനുള്ള മനുഷ്യാവകാശ പോരാട്ടത്തില്‍ ആ പോരാളിയെ സ്മരിച്ചുകൊണ്ട് യുവത്വം കൈവരിക്കട്ടെ. ഇന്ന് ഫാഷിസം നാടുവാഴുമ്പോള്‍, ഭരണഘടനാവകാശങ്ങള്‍ നിഷധിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ മനുഷ്യാവകാശ പോരാട്ടത്തിലേക്ക് കുതിച്ചുചാടുക എന്നതാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. മുകുന്ദന്‍ സി മേനോന്‍ അതിനുള്ള മാതൃകയും വഴികാട്ടിയുമാണ്.

Tags:    

Similar News