മുകുന്ദന്‍ സി മേനോന്‍ മനുഷ്യാവകാശത്തിന്റെ മേല്‍വിലാസം

Update: 2023-12-13 10:00 GMT

ബഷീര്‍ പാമ്പുരുത്തി

ലോകം ഒരു വംശഹത്യയെ നിശബ്ദമായി നോക്കിനില്‍ക്കുന്നതിനിടെയാണ് ഇത്തവണ ഡിസംബര്‍ 10ന് ലോക മനുഷ്യാവകാശ ദിനം കടന്നുപോയത്. കുഞ്ഞുങ്ങളെ കൊന്നൊടുക്കിയും ഒരു നാടിനെയാകെ ചുട്ടുചാമ്പലാക്കിയും ഇസ്രായേലിന്റെ മനുഷ്യക്കുരുതി കൂടുതല്‍ കൂടുതല്‍ ചോരയില്‍ പുതയുകയാണ്. ഇതിനെതിരേ ലോകത്ത് പലയിടത്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികള്‍ ഉയര്‍ന്നു. മെല്ലെമെല്ലെ അതിന്റെ ശബ്ദവും നേര്‍ത്തുവരികയാണ്. ഈയവസരത്തില്‍ മലയാളികള്‍ക്ക് മനുഷ്യാവകാശത്തെ കുറിച്ച് പരിചയപ്പെടുത്തിയ ഒരു വലിയ മനുഷ്യനെക്കുറിച്ച് ഓര്‍മിക്കാതിരിക്കാനാവില്ല. ഒരുപക്ഷേ, മനുഷ്യാവകാശത്തിന്റെ മേല്‍ വിലാസം എന്നു വിളിക്കാവുന്ന ഒരാളെ. മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധിയെമുകുന്ദന്‍ സി മേനോന്‍ എന്ന ആ മനുഷ്യന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 19 വര്‍ഷങ്ങള്‍ പിന്നിട്ടു.


ജീവിതത്തിന്റെ ഏതാണ്ട് പൂര്‍ണഭാഗം മനുഷ്യരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ പച്ചമനുഷ്യനായിരുന്നു മുകുന്ദന്‍ സി മേനോന്‍. എസി മുറികളിലൊതുങ്ങിയിരുന്ന മനുഷ്യാവകാശ പ്രസംഗങ്ങള്‍ക്കു പകരം കേരളത്തിനു കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ മണ്ണിലിറങ്ങിയുള്ള പോരാട്ടങ്ങളായിരുന്നു മേനോന്റേത്. സമൂഹത്തിലെ ഏറ്റവും പിന്നാക്കക്കാരായ ന്യൂനപക്ഷ, ദലിത്, ആദിവാസി പ്രശ്‌നങ്ങള്‍ക്കായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കിയത്. അതിനാല്‍ തന്നെ ഐഎസ് ഐ ചാരന്‍, ഇറാന്‍ ഏജന്റ്, ബിന്‍ലാദിന്റെ അനുയായി, മാവോവാദി, നക്‌സലൈറ്റ് തുടങ്ങി മേനോന് ലഭിക്കാത്ത കുത്തുവാക്കുകളില്ല. പക്ഷേ, അതൊന്നും ആ മുനുഷ്യാവകാശ പോരാളിയെ തളര്‍ത്തുകയല്ല, കൂടുതല്‍ ശക്തനാക്കുകയാണ് ചെയ്തത്. 1948 നവംബര്‍ 20ന് തൃശൂരിലെ വടക്കാഞ്ചേരിയിലാണ് ജനനം. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനശേഷം 1969ല്‍ ഡല്‍ഹിയിലെത്തി. മാധ്യമപ്രവര്‍ത്തനവും പൗരാവകാശവുമായിരുന്നു മേഖല. പിന്നീടങ്ങോട്ട് ഡല്‍ഹിയും ഹൈദരാബാദുമായിരുന്നു തട്ടകം. 1970ല്‍ ഡല്‍ഹിയില്‍ രൂപീകരിച്ച അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്‌സ്(എപിഡിആര്‍) സെക്രട്ടറിയായാണ് തുടക്കം. 1972 ഏപ്രിലില്‍ നക്‌സലൈറ്റ് രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയില്‍ നടത്തിയ ദേശീയകണ്‍വന്‍ഷന്റെ മുഖ്യസംഘടാകരില്‍ ഒരാളായിരുന്നു. മുന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി കൃഷ്ണകാന്ത്, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, വി കെ കൃഷ്ണമേനോന്‍, പണ്ഡിറ്റ് സുന്ദര്‍ലാല്‍, സുപ്രിംകോടതി അഭിഭാഷകന്‍ ആര്‍ കെ ഗാര്‍ഖ്, ഡോ. ഗ്യാന്‍ചന്ദ് തുടങ്ങിയ പ്രമുഖരാണ് സംഘാടകസമിതിയില്‍ ഉണ്ടായിരുന്നത് എന്നറിയുമ്പോഴാണ് മേനോന്റെ പ്രസക്തി മനസ്സിലാവുക. ജയപ്രകാശ് നാരായണന്റെ ബിഹാര്‍ പ്രസ്ഥാനം, ബോംബെയിലെ റെയില്‍വേ സമരം, 197475ല്‍ ഗുജറാത്തിലെ വിദ്യാര്‍ഥികള്‍ക്കെതിരായ കൈയേറ്റവിരുദ്ധ പ്രതിഷേധം എന്നിവയിലെല്ലാം മേനോന്‍ സ്പര്‍ശം പ്രകടമായിരുന്നു.


1974ല്‍ ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ നടന്ന മുസ് ലിം വിരുദ്ധ പോലിസ് വെടിവയ്പ് സംബന്ധിച്ച വസ്തുതാന്വേഷണ കമ്മീഷന് നേതൃത്വം നല്‍കിയത് മുകുന്ദന്‍ സി മേനോനായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് മിസ എന്ന ജനവിരുദ്ധ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത ആദിവാസി നക്‌സലൈറ്റ് തടവുകാരെ വിചാരണയില്ലാതെ തൂക്കിലേറ്റിയപ്പോഴും കലഹിച്ചു. അടിയന്തരാവസ്ഥ പീഡനങ്ങള്‍ക്കെതിരേ പോരാടാന്‍ ജയപ്രകാശ് നാരായണന്‍ സ്ഥാപിച്ച പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസി(പിയുസിഎല്‍)ന്റെ മുന്നണിപ്പോരാളിയും മറ്റാരുമായിരുന്നില്ല. അലിഗഡില്‍ പിഎസി എന്ന കുപ്രസിദ്ധസേനാവിഭാഗം മുസ് ലിംകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിനു പിന്നിലെ സംഘപരിവാര ഗുഢാലോചന പുറത്തുകൊണ്ടുവന്നത് മുകുന്ദന്‍ സി മേനാനും സുമന്‍ബാനര്‍ജിയും അടങ്ങുന്ന പിയുസിഎല്‍ അന്വേഷണ കമ്മീഷനായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പേരറിവാളന്റെ വിഷയം ലോകശ്രദ്ധയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും മുകുന്ദന്‍ സി മേനോനായിരുന്നു.


1980 മുതല്‍ 1993 വരെ ഹൈദരാബാദായിരുന്നു മുകുന്ദന്‍ സി മേനോന്റെ പ്രവര്‍ത്തന മണ്ഡലം. ഉദയം എന്ന പത്രത്തിന്റെ ചീഫ് റിപോര്‍ട്ടറായിരുന്ന അദ്ദേഹമാണ്, തെലങ്കാനയില്‍ നക്‌സലൈറ്റ് എന്നാരോപിച്ച് പോലിസുകാര്‍ നടത്തിയ കൂട്ടക്കൊലയുടെ സത്യങ്ങള്‍ പുറംലോകത്തെത്തിച്ചത്. 1993ല്‍ ജന്‍മനാടായ കേരളത്തില്‍ വിശ്രമം കൊതിച്ചാണ് തിരിച്ചെത്തിയത്. പക്ഷേ, കേരളത്തിലെ പോലിസ് പീഡനങ്ങള്‍ അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിച്ചില്ല. 1993ല്‍ കേരള സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി രൂപീകരിച്ചു. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെയെല്ലാം ഒരു കുടക്കീഴിലാക്കി 1997ല്‍ സിഎച്ച്ആര്‍ഒ(മനുഷ്യാവകാശ ഏകോപന സമിതി) രൂപീകരിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍, കെ എം ബഹാവുദ്ദീന്‍, കെ പാനൂര്‍ തുടങ്ങിയ പ്രമുഖരെ അണിനിരത്തി സാധാരണക്കിടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് കൊണ്ടുവന്നതോടെ ഹിന്ദുത്വരില്‍ നിന്നുള്ള എതിര്‍പ്പ് അതിരുകടന്നു. കശ്മീരിനെയും അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് പറയുന്നത് മുട്ടിടിച്ചിരുന്ന കാലത്താണ് മുകുന്ദന്‍ സി മേനോന്റെ ധീരമായ പ്രവര്‍ത്തനം. അബ്ദുന്നാസിര്‍ മഅ്ദനിയെ വേട്ടയാടിയപ്പോഴും തുടക്കത്തില്‍ തന്നെ മുന്നില്‍നിന്ന് പ്രതിഷേധിക്കാന്‍ അദ്ദേഹമുണ്ടായിരുന്നു. മഅ്ദനി നിയമസഹായ സമിതിയുടെ കണ്‍വീനറായിരുന്നു. കിള്ളി, മുത്തങ്ങ, മാവൂര്‍ ഗ്വാളിയോര്‍ മസരങ്ങളിലെല്ലാം സാന്നിധ്യമറിയിച്ചു. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായും അടുത്തു പ്രവര്‍ത്തിച്ചു.


1996ല്‍ പാലക്കാട് ജില്ലാ കലക്്ടര്‍ റെഡ്ഡിയെ അയ്യങ്കാളിപ്പട ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥനായതും മറ്റാരുമല്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം 1981ല്‍ അധികാരത്തില്‍ ഇന്ദിരാഗാന്ധി തിരിച്ചെത്തിയതോടെ മേനോന്‍ എന്ന പോരാളിയെ വിലയ്‌ക്കെടുക്കാനായിരുന്നു ശ്രമിച്ചത്. സഞ്ജയ് ഗാന്ധി മുഖേന മേനോനുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ചായിരുന്നു ശ്രമം. ഇന്ത്യയുടെ വിദേശ എംബസിയില്‍ ഉന്നത പദവി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ ഉയര്‍ന്ന ജോലി എന്നിവയെല്ലാമായിരുന്നു വാഗ്ദാനം. എന്നാല്‍, ഇതെല്ലാം മേനോന്‍ പുച്ഛിച്ചുതള്ളി.

മാധ്യമപ്രവര്‍ത്തനത്തെ അവകാശപോരാട്ടത്തിനു വേണ്ടിയുള്ള മാര്‍ഗമായി കണ്ട അപൂര്‍വം ചിലരില്‍ ഒന്നാംനിരയിലാണ് മുകുന്ദന്‍ സി മേനോന്റെ സ്ഥാനം. ഹൈദരാബാദിലെ ഉദയം, സണ്‍ഡേ ഒബ്‌സര്‍വര്‍, ഡെക്കാന്‍ ഹെറാള്‍ഡ് എന്നിവിടങ്ങളിലെ മാധ്യമപ്രവര്‍ത്തനം തന്നെ അതിനുദാഹരണങ്ങളാണ്. മാതൃഭൂമി, മാധ്യമം, കലാകൗമുദി, മീന്‍ ടൈം, മില്ലി ഗസറ്റ്, തേജസ്, ഇന്ത്യന്‍ കറന്റ്, ഇന്ത്യാ റിവ്യൂ, തെഹല്‍ക, റെഡിഫ് മെയില്‍ എന്നിവയിലെല്ലാം അദ്ദേഹം കനപ്പെട്ട ലേഖനങ്ങളെഴുതി. അല്‍ജസീറ ഇംഗ്ലീഷ്, ബിബിസി റേഡിയോ എന്നിവയുടെ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. തേജസ് ദ്വൈവാരികവയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായും തേജസ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. കോഴിക്കോട് മീഞ്ചന്ത ആസ്ഥാനമായി തേജസ് ദിനപത്രം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനത്തിനിടെ കുഴഞ്ഞുവീണ്, 2005 ഡിസംബര്‍ 12ന് തന്റെ 57ാം വയസ്സിലാണ് മുകുന്ദന്‍ സി മേനോന്‍ ഈ ലോകത്തോടു വിടപറഞ്ഞത്. മേനോന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റ സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയ പ്രഥമ മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘത്തിന്റെ അവാര്‍ഡിന്് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെയാണ് തിരഞ്ഞെടുത്തത്. യുപിയിലെ ഹാത്‌റസില്‍ സവര്‍ണര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട്ടിലേക്ക് റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ യുപി പോലിസ് യുഎപിഎ ചുമത്തി രണ്ട് വര്‍ഷത്തോളം ജയിലിലടയ്ക്കപ്പെട്ട സിദ്ദീഖ് കാപ്പനെയാണ് അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ടത്. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ഡിസംബര്‍ 13ന് വൈകീട്ട് നാലിന് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടെലഗ്രാഫ് ദിനപത്രം എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആര്‍ രാജഗോപാല്‍ വിതരണം ചെയ്യും. പ്രഫ. ജെ ദേവിക, ഒ അബ്ദുല്ല, എന്‍ പി ചെക്കുട്ടി, എ എസ് അജിത് കുമാര്, പി എ എം ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഗ്രോ വാസു ചെയര്‍മാനും എന്‍ പി ചെക്കുട്ടി ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘമാണ് അവാര്‍ഡ് നല്‍കുന്നത്.

Tags:    

Similar News