ന്യൂഡല്‍ഹി: അസമിലെ ദിമാ ഹസാവോ ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ ഖനിത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക്. ഒന്നിലധികം സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം ഇന്നും തുടരുകയാണ്.
രണ്ടു ദിവസങ്ങള്‍ക്കുമുന്‍പാണ് ,ഗുവാഹത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഉമ്രാങ്സോ പ്രദേശത്തെ കല്‍ക്കരി ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. നാവികസേന, കരസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ജില്ലാ ഭരണകൂടം എന്നിവര്‍ സംയുക്തമായി ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ഇന്ന് രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിക്കുകയും റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) വെള്ളപ്പൊക്കമുള്ള ഭാഗത്തേക്ക് വിട്ടതായും അസം പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''ഇതുവരെ, ആര്‍ഒവിക്ക് ഒന്നും കണ്ടെത്താനായില്ല. അത്യന്തം പ്രതികൂലവും ബുദ്ധിമുട്ടുള്ളതുമായ സാഹചര്യങ്ങള്‍ക്കിടയിലും കുടുങ്ങി കിടക്കുന്ന ഖനിത്തൊഴിലാളികളെ കണ്ടെത്താന്‍ കഠിനമായി ശ്രമിക്കുകയാണ്' അദ്ദേഹം പറഞ്ഞു. കൂടാതെ, കുടുങ്ങിയ ഖനിത്തൊഴിലാളികളെ കണ്ടെത്താന്‍ പോയ നാവികസേനയിലെ നാല് മുങ്ങല്‍ വിദഗ്ധര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു. ഗംഗ ബഹാദുര്‍ ശ്രേഷ്തോ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേപ്പാളിലെ ഉദയ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഗംഗാ ബഹാദൂര്‍ ശ്രേഷ്തോയുടെ മൃതദേഹം ഉപരിതലത്തില്‍ നിന്ന് 85 അടി താഴെയായാണ് കണ്ടെത്തിയത്.
ഹുസൈന്‍ അലി, ജാക്കിര്‍ ഹുസൈന്‍, സര്‍പ ബര്‍മാന്‍, മുസ്തഫ ശെയ്ഖ്, ഖുഷി മോഹന്‍ റായ്, സന്‍ജിത് സര്‍ക്കാര്‍, ലിജാന്‍ മഗര്‍, സരത് ഗോയറി എന്നിവരാണ് 340 അടി താഴ്ചയുള്ള ഖനിയില്‍ കുടുങ്ങിയ മറ്റുള്ളവര്‍. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഖനിയാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.