മുതലപ്പൊഴി അപകടം; രക്ഷാപ്രവര്‍ത്തനത്തിന് തീവ്രശ്രമമെന്ന് സര്‍ക്കാര്‍

Update: 2022-09-05 17:44 GMT

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിവരമറിഞ്ഞ ഉടന്‍ കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവയുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍ തിരച്ചില്‍ നടത്തി. അതിനുശേഷം കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഹെലികോപ്റ്റര്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ടേക്ക് ഓഫ് ചെയ്യാന്‍ പറ്റിയില്ല.

നേവിയുടെ തീരനിരീക്ഷണക്കപ്പല്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അത് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷ. മോശം കാലാവസ്ഥ കാരണം രാത്രിയിലെ തിരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് ചൊവ്വാഴ്ച രാവിലെ വ്യോമമാര്‍ഗേനയുള്ള ശ്രമങ്ങളും ആരംഭിക്കുമെന്നും ഓഫിസ് വ്യക്തമാക്കി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മല്‍സ്യത്തൊഴിലാളികളാണ് മരിച്ചത്. ഇനി രക്ഷപ്പെടുത്താനുള്ളത് മൂന്ന് പേരെയെന്ന് നിഗമനം. പ്രതികൂല കാലാവസ്ഥ കാരണം മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മല്‍സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെടുന്നത് ഇന്നുച്ചയ്ക്കാണ്.

കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്. മറ്റ് ബോട്ടുകളിലായെത്തിയ മല്‍സ്യത്തൊഴിലാളികള്‍ 9 പേരെ രക്ഷപ്പെടുത്തി. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ വന്ന വിവരം. ഒമ്പതുപേര്‍ നീന്തിരക്ഷപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചു. വര്‍ക്കല സ്വദേശികളായ മുസ്തഫ, ഉസ്മാന്‍, സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ശക്തമായ കാറ്റും തിരമാലയും മൂലമാണ് രക്ഷാപ്രവര്‍ത്തനം മൂന്നുമണിയോടെ നിര്‍ത്തിയത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

Tags:    

Similar News