താനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം തട്ടിപ്പാണെന്നും സര്‍ക്കാര്‍ ഇരകളെ വഞ്ചിച്ചുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു. ഗുരുതര പരിക്കേറ്റ ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന നിലപാടാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനന്‍ കമ്മീഷന്‍ മുമ്പാകെ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികില്‍സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം നിയമ സഭയില്‍ ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്ക് തുറമുഖ വകുപ്പ് മന്ത്രി കൊടുത്ത മറുപടിയില്‍ ചികില്‍സാ ചിലവിന്റെ കാര്യത്തില്‍ കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ശരീരം തളര്‍ന്ന മുന്ന് കുട്ടികളുടെ ചികില്‍സാ ചിലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വെല്‍ഫെയര്‍ പാര്‍ട്ടിയും കലക്ടര്‍, മുഖ്യമന്ത്രി, ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനന്‍ കമ്മീഷന്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
വ്യാഴാഴ്ച തിരൂര്‍ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ നടന്ന ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്റെ എട്ടാമത് ഹിയറിംഗില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന വാദമാണ് സര്‍ക്കാര്‍ വക്കീല്‍ ഉന്നയിച്ചത്. ഇതേതുടര്‍ന്ന് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ നഷ്ട പരിഹാരം ഉള്‍പ്പെടുത്താത്തത് കൊണ്ട് തീരുമാനമെടുക്കാന്‍ കമ്മീഷന് കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അപേക്ഷ ജസ്റ്റീസ് വി കെ മോഹനന്‍ തള്ളുകയായിരുന്നു.ചികില്‍സ ചെലവ് അനുവദിക്കുമെന്ന് പറഞ്ഞ് മോഹിപ്പിച്ച ശേഷം ഇരകളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നീതീകരിക്കാനവില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് സഫീര്‍ഷാ, ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, മുനീബ് കാരക്കുന്ന്, ട്രഷറര്‍ നസീറ ബാനു തുടങ്ങിയവര്‍ സംസാരിച്ചു.