കൊല്ലം: കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി അസം സ്വദേശിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അസം സ്വദേശി തന്നെയായ ജലാലുദ്ദീനെ(26) വെട്ടിക്കൊന്ന കേസിലാണ് അസംകാരനായ അബ്ദുൽ അലി(24)യെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (1) ജഡ്ജി പി എൻ വിനോദ് ശിക്ഷിച്ചത്.
കൊല്ലം ജില്ലയിലെ അഞ്ചൽ ചന്തമുക്കിനടുത്ത് കോഴിക്കടയിൽ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട ജലാലുദ്ദീൻ. അതേ കടയിലെ തന്നെ ജോലി നോക്കി വരുകയായിരുന്നു അബ്ദുൽ അലിയും. ഇരുവരുടെയും താമസവും കടയ്ക്കടുത്തുള്ള ഒരു കെട്ടിടത്തിൽ ഒരുമിച്ചായിരുന്നു.
2020 ഫെബ്രുവരി 5നായിരുന്നു സംഭവം. കോഴിയെ വെട്ടുന്ന കത്തികൊണ്ട് 40ലധികം വെട്ടുകളേറ്റാണ് ജലാലുദ്ദീൻ കൊല്ലപ്പെട്ടത്. ഫോൺ കാണുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. കൊല ചെയ്ത ശേഷം മൃതദേഹത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പ്രതി സ്വയം കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു. കൂടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ ദൃക്സാക്ഷികളുടെ മൊഴികളാണ് കേസിൻ്റെ വിധിയിലേക്ക് നയിച്ചത്.