ജയ്പൂർ: അജ്മീറിലെ പ്രശസ്തമായ ഖാദിം ഹോട്ടലിൻ്റെ പേര് മാറ്റി. ഏഴാം നൂറ്റാണ്ടിലെ രാജാവായ അജയ്രാജ് ചൗഹാൻ്റെ ഓർമയ്ക്കായി ഇനി മുതൽ ഹോട്ടൽ അജയ് മേരു എന്നാണ് അറിയപ്പെടുകയെന്ന് രാജസ്ഥാൻ ടൂറിസം വികസന കോർപറേഷൻ അറിയിച്ചു.
സൂഫിവര്യനായ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയുള്ളതിനാൽ ഏറെ പ്രശസ്തമാണ് അജ്മീർ. ദർഗയിലെ പണ്ഡിതന്മാർ സേവകൻ എന്നർഥം വരുന്ന ഖാദിം എന്നാണ് അറിയപ്പെടുന്നത്.
കോർപറേഷൻ്റെ ഡയറക്ടർ ബോർഡ് യോഗമാണ് പേരു മാറ്റത്തിൽ തീരുമാനമെടുത്തതെന്ന് മാനേജിങ് ഡയറക്ടർ സുഷ്മ അരോര പറഞ്ഞു.
കലക്ടറേറ്റിന് എതിർ വശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിൻ്റെ പേര് മാറ്റണമെന്ന് സ്ഥലം എംഎൽഎയും ബിജെപി നേതാവുമായ വാസുദേവ് ദേവനാനി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പേരുമാറ്റൽ നടപടിയെ വിവിധ ദർഗകളിലെ ഖാദിമുകൾ വിമർശിച്ചു. നഗരത്തിൻ്റെ ചരിത്രം തിരുത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് ഖാദിമുമാർ ആരോപിച്ചു.