കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം കേരളത്തിലേക്ക്
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തും. കേരളത്തിലേക്ക് വരാനായുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ടീമിന് ലഭിച്ചെന്നാണ് സൂചന. നേരത്തെ വിഷയത്തില്‍ കേരള സര്‍ക്കാര്‍ അര്‍ജന്റീന സര്‍ക്കാരിനെയും ഫുട്‌ബോള്‍ അസോസിയേഷന്റെയും ബന്ധപ്പെട്ടിരുന്നു. നാളെ രാവിലെ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകും.
രണ്ട് മത്സരം കേരളത്തില്‍ അര്‍ജന്റീന കളിക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക. രണ്ട് പ്രമുഖ ഏഷ്യന്‍ ടീമിനെ വെച്ചാവും മത്സരം. 15ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീം. ഇറാന്‍ (19), ദക്ഷിണ കൊറിയ (22), ഓസ്‌ട്രേലിയ (24) ഖത്തര്‍ (46) എന്നിവരാണ് എഎഫ്‌സിയില്‍നിന്ന് റാങ്കിങ്ങില്‍ മുന്നിലുള്ള മറ്റു ടീമുകള്‍.
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കിയത്. അര്‍ജന്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.