പെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട് താരങ്ങള്‍ പുറത്ത്
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നാളെ പെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ രണ്ടു സുപ്രധാന കളിക്കാര്‍ പരിക്കിനെ തുടര്‍ന്ന് പെറുവിന് എതിരേ കളിക്കില്ലെന്ന് ഉറപ്പായതായാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പ്രതിരോധ താരങ്ങളായ ക്രിസ്റ്റ്യന്‍ റൊമേറോ, നഹ്വേല്‍ മോളിന എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് പെറുവിന് എതിരായ മത്സരത്തില്‍ കളിക്കില്ലെന്ന വാര്‍ത്ത വന്നിരിക്കുന്നത്. വലതു കാലിന്റെ പരിക്കാണ് ക്രിസ്റ്റ്യന്‍ റൊമേറോക്ക് വിനയായിരിക്കുന്നത്.
പരാഗ്വെയ്ക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. പെറുവിന് എതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ ക്രിസ്റ്റ്യന്‍ റൊമേറോ തന്റെ ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിലേക്ക് മടങ്ങിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമില്‍ റിഹാബിലിറ്റേഷനിലാണ് അദ്ദേഹം.
പരാഗ്വെയ്ക്ക് എതിരായ മത്സരത്തിന്റെ ഇടയിലാണ് നഹ്വേല്‍ മോളിനക്കും പരിക്കേറ്റത്. മത്സരത്തിന്റെ 77 -ാം മിനിറ്റില്‍ നഹ്വേല്‍ മോളിനയെയും സബ്സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടി വന്നിരുന്നു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ നഹ്വേല്‍ മോളിനയും പെറുവിന് എതിരായ മത്സരത്തില്‍ ഇറങ്ങാന്‍ ഫിറ്റ് അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ക്രിസ്റ്റ്യന്‍ റൊമേരൊ, നഹ്വേല്‍ മോളിന എന്നിവര്‍ മാത്രമല്ല, നിക്കോളാസ് തഗ്ലിയാഫികൊയ്ക്കും പരിക്കിന്റെ ആശങ്കയുണ്ട്. മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കലോനിയെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ കളിക്കാരുടെ പരിക്ക്. നിക്കോളാസ് തഗ്ലിയാഫികൊയ്ക്കും പരാഗ്വെയ്ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റിരുന്നു.
ലിയോണല്‍ സ്‌കലോനിയുടെ അര്‍ജന്റീനക്ക് ഈ താരങ്ങളെ മാത്രമല്ല, പരിക്കിന്റെ പ്രശ്‌നത്തില്‍ യോഗ്യതാ റൗണ്ടുകളില്‍ നഷ്ടപ്പെട്ടത്. പരിക്കിന്റെ പിടിയിലായ ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ്, ജെര്‍മന്‍ പെസെല്ല, മാര്‍കോസ് അകൂന എന്നിവര്‍ നവംബറിലെ രാജ്യാന്തര ബ്രേക്കിനു മുന്‍പുതന്നെ പരിക്കേറ്റ് അര്‍ജന്റീന ടീമില്‍ നിന്നു പുറത്തായിരുന്നു. ചുരുക്കത്തില്‍ അഞ്ചു മുന്‍നിര കളിക്കാര്‍ ഇല്ലെന്നതാണ് പെറുവിന് എതിരായ മത്സരത്തിനു മുന്‍പ് അര്‍ജന്റീനയുടെ പ്രശ്‌നം. യോഗ്യതാ റൗണ്ടില്‍ ഏഴു പോയിന്റുമായി പെറു ഒന്‍പതാം സ്ഥാനത്താണ്.
ഇന്ത്യന്‍ സമയം നവംബര്‍ 20 ബുധന്‍ പുലര്‍ച്ചെ 5.30 നാണ് അര്‍ജന്റീന- പെറു ലോകകപ്പ് യോഗ്യതാ മത്സരം. 11 ാം റൗണ്ട് പോരാട്ടത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. എവേ പോരാട്ടത്തില്‍ പരാഗ്വെയോട് ആയിരുന്നു ലയണല്‍ മെസിയും സംഘവും തോല്‍വി നേരിട്ടത്. പരാഗ്വെയോട് പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് നഷ്ടപ്പെട്ടില്ല. 11 റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴു ജയവും ഒരു സമനിലയുമായി 22 പോയിന്റാണ് അര്‍ജന്റീനക്ക്. പരാഗ്വെയ്ക്ക് എതിരായത് ഉള്‍പ്പെടെ മൂന്നു തോല്‍വിയാണ് ഇതുവരെ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നേരിട്ടത്. 19 പോയിന്റ് വീതമുള്ള ഉറുഗ്വെ, കൊളംബിയ ടീമുകളാണ് ലീഗ് ടേബിളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അഞ്ചു തവണ ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ ബ്രസീല്‍ 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.