അസം: പൗരത്വ ഭേദഗതി വിരുദ്ധ സംഘടനാ നേതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ മുതല്‍ ഗോഗോയ് ജയിലിലാണ്.

Update: 2020-08-23 07:15 GMT

ഗുവാഹത്തി: അസമിലെ പൗരത്വ ഭേദഗതി വിരുദ്ധ സംഘടനാ നേതാവ് അഖില്‍ ഗോഗോയി വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കര്‍ഷകാവകാശ സംഘടനയായ ക്രിഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് അഖില്‍ ഗോഗോയി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും സഖ്യകക്ഷികളെയും എതിരിടുന്നതിന് അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായും മറ്റ് സമാന ചിന്താഗതിക്കാരായ കക്ഷികളുമായും സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രഖ്യാപനം.

ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പില്‍ അഖില്‍ ഗോഗോയിയെ മുഖ്യമന്ത്രിയായി മല്‍സരിപ്പിക്കാനും തീരുമാനിച്ചുവെന്ന് കെഎംഎസ്എസ് പ്രസിഡന്റ് ഭാസ്‌കോ ഡി സൈകിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഖില്‍ ഗോഗോയ് ജയില്‍ മോചിതനായ ശേഷം പാര്‍ട്ടിയുടെ പേര് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സമുദായത്തെയും തങ്ങള്‍ മാറ്റി നിര്‍ത്തില്ലെന്നും പ്രാദേശിക വാദം തള്ളിക്കളയുമെന്നും സൈകിയ പറഞ്ഞു.

മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ മുതല്‍ ഗോഗോയ് ജയിലിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളുടെ പേരിലും ഇദ്ദേഹത്തിനെതിരേ കേസെടുത്തിട്ടുണ്ട്.

കെഎംഎസ്എസും ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും (എഎസ്യു) വെവ്വേറെയാണ് അസമിലെ സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.. 70-ലധികം സംഘടനകള്‍ ഈ രണ്ടു വിഭാഗത്തിനും പിന്‍തുണ നല്‍കിയിരുന്നു. 

Tags:    

Similar News