പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Update: 2022-10-29 01:35 GMT

തിരുവനന്തപുരം: മ്യൂസിയത്തിന് മുന്നില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു. പരാതിക്കാരിയായ യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതി സഞ്ചരിച്ച കാര്‍ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും പരശോധിക്കാനുള്ള നടപടി ആരംഭിച്ചു.

സംഭവത്തില്‍ പ്രതിക്കെതിരേ നിസാരവകുപ്പുകളാണ് ചുമത്തിയതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസ് കേസെടുത്തത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു. സംഭവം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പോലിസിനെതിരേ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവമുണ്ടായത്. നടക്കാനിറങ്ങിയ തനിക്കുനേരേ അപ്രതീക്ഷിതമായി ഒരാള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഡോക്ടര്‍ കൂടിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

വെസ്റ്റ് ഗേറ്റിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ എതിരെയൊരാള്‍ നടത്തുവരുന്നത് കണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് കറുത്ത പാന്റും വെള്ള ടീഷര്‍ട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയില്‍ ഒരു മഫഌറുമുണ്ടായിരുന്നു. പെട്ടെന്നാണ് അയാള്‍ ആക്രമിച്ചത്. പിന്നീട് വെള്ളയമ്പലം ദിശയിലേയ്ക്ക് നടന്ന അയാളുടെ പിന്നാലെ ഓടിച്ചെന്നുവെങ്കിലും പിന്തുടരുന്നത് മനസ്സിലാക്കിയ അയാള്‍ ഗേറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് പോലിസ് എത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് യുവതി പറഞ്ഞു. ഇന്നോവ കാറില്‍ വന്ന ഒരാളാണ് യുവതിയെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. മ്യൂസിയത്തിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം വ്യക്തമല്ലെന്നാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിസരത്തെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പരിശോധന നടത്തുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News