തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരേ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തോട് ഒ രാജഗോപാല്‍ എടുത്ത നിലപാട് ബിജെപിയെ വെട്ടിലാക്കി. കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും നിയമം കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും നിയമസഭയില്‍ അഭിപ്രായപ്പെട്ട രാജഗോപാല്‍ പക്ഷേ, പ്രമേയത്തിനെതിരേ ഔദ്യോഗികമായി വോട്ട് ചെയ്തില്ല. അതോടെ പ്രമേയം ഏകകണ്ഠമായി പാസ്സായി. പ്രമേയം പാസ്സായത് ഏകകണ്ഠമായാണെന്ന് സ്പീക്കറും സഭയെ അറിയിച്ചിരുന്നു.
പ്രമേയം പാസ്സായി പുറത്തുവന്നശേഷം ഒ രാജഗോപാല്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുന്നതിനിടയില്‍ താന്‍ പ്രമേയത്തെ എതിര്‍ത്തില്ലെന്ന് പറഞ്ഞിരുന്നു. സഭയില്‍ തന്റെ അഭിപ്രായം പറഞ്ഞതാണെന്നും എങ്കിലും സഭയുടെ പൊതു അഭിപ്രായത്തെ അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഒ രാജഗോപാല്‍ കേന്ദ്രം പാസ്സാക്കിയെടുത്ത നിയമത്തെ ഔദ്യോഗികമായി എതിര്‍ത്തില്ലെന്നത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കുകയാണ്.
രാജഗോപാല്‍ നിയമസഭയില്‍ എടുത്ത നിലപാടിനെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ തയ്യാറായില്ല. ഏത് സാഹചര്യത്തിലാണ് രാജഗോപാല്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞത് അറിയില്ലെന്നും അദ്ദേഹവുമായി സംസാരിച്ചശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ തൊടുപുഴയില്‍ പറഞ്ഞു.
കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം.