കഴക്കൂട്ടത്ത് ബിജെപി-സിപിഎം സംഘര്‍ഷം; ബിജെപി ബൂത്ത് ഏജന്റുമാരെ അക്രമിച്ചെന്ന്
തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് ബിജെപി-സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഘര്‍ഷം. ബിജെപി ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നായിരുന്നു പരാതി. പ്രദേശത്തെ ബിജെപി ബോര്‍ഡുകള്‍ നശിപ്പിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രനും ബിജെപി പ്രവര്‍ത്തകരും പോലിസുമായി വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിച്ചിരിക്കുകയാണ്. പോലിസും കേന്ദ്രസേനയും സ്ഥലത്തെത്തി സംഘര്‍ഷം ലഘൂകരിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാല്‍ ആവശ്യപ്പെട്ടു. ബിജെപിയും സിപിഎമ്മും സ്ഥലത്ത് സംഘര്‍ഷാവസ്ഥാ സൃഷ്ടിച്ച് വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മണ്ഡലത്തില്‍ ബിജെപിയും, സിപിഎമ്മും മുന്നോട്ട് വെച്ച കാര്യങ്ങള്‍ വോട്ടര്‍മാര്‍ തള്ളിയ സാഹചര്യത്തില്‍ അക്രമത്തിന്റെ പാതയാണ് ഇരുവരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.