പെരിന്തല്‍മണ്ണയിലെ തോല്‍വി: സിപിഎമ്മില്‍ കടുത്ത നടപടി; മുന്‍ നഗരസഭാ ചെയര്‍മാനടക്കം നിരവധി പേരെ തരംതാഴ്ത്തി
പെരിന്തല്‍മണ്ണ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയിലെ ഇടതുമുന്നണി സ്വതന്ത്രന്‍ കെ.പി.എം. മുസ്തഫ കപ്പിനും ചുണ്ടിനും ഇടയില്‍ പരാജയപ്പെട്ടതിന് ഉത്തരവാദികളായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ എട്ടു പേരില്‍ 5 പേരെ തരം താഴ്ത്തി. രണ്ടു പേരെ താക്കീതു ചെയ്തു. അവശേഷിച്ച ഒരാള്‍ക്കെതിരെയുള്ള നടപടി സംസ്ഥാന സമിതിയോട് ശുപാര്‍ശ ചെയ്തു. ശനിയാഴ്ച്ച ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റും പിന്നീട് ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് മണിക്കുറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷം രാത്രി വൈകി തീരുമാനമെടുത്തത്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ദിവാകരന്‍, വി ശശികുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
തരംതാഴ്ത്തപ്പെട്ട പെരിന്തല്‍മണ്ണ നഗരസഭയുടെ മുന്‍ ചെയര്‍മാനും അര്‍ബന്‍ സഹകരണ ബാങ്കിന്റെ ചെയര്‍മാനുമായ ദിവാകരന്‍ താഴേതട്ടില്‍ നിന്നു ഉയര്‍ന്നു വന്ന നേതാവും പ്രാസംഗികനുമാണ്.
മുന്‍ എംഎല്‍എ കൂടിയായ വി ശശികുമാര്‍ സിഐടിയു ജില്ലാ പ്രസിഡണ്ട്, കണ്‍സ്ട്രക് ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ അഖിലേന്ത്യാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ നോട്ടിസിനു ജില്ലാ കമ്മിറ്റിക്കു നല്‍കാന്‍ തയ്യാറാക്കിയ വിശദീകരണം ഒരു പത്രത്തില്‍ വാര്‍ത്തയായതും വിവാദമായിരുന്നു.
ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട കെ ഉണ്ണികൃഷ്ണന്‍ ഇടതുമുന്നണി നിയോജക മണ്ഡലം കണ്‍വീനറാണ്. പെരിന്തല്‍മണ്ണ നഗരസഭയിലെ പൊതുമരാമത്തുവകുപ്പ് സ്ഥിരം സമിതി ചെയര്‍മാന്‍, പാര്‍ലിമെണ്ടറി പാര്‍ട്ടി ലീഡര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. െ്രെപമറി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന അദ്ദേഹം വിരമിക്കാന്‍ 20 മാസം ബാക്കി നില്‍ക്കെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും സജീവമാകുന്നതിനായി ജോലി രാജിവയ്ക്കുകയായിരുന്നു.
അഡ്വ.സുള്‍ഫിക്കര്‍ അലിയാണ് തരംതാഴ്ത്തപ്പെട്ട അടുത്ത നേതാവ്. കടുത്ത ശിക്ഷ ലഭിച്ചവരില്‍ മറ്റൊരാള്‍ പെരിന്തല്‍മണ്ണ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ആണ്. ഏരിയാ കമ്മിറ്റിയില്‍ നിന്നു ബ്രാഞ്ചിലേക്കാണ് അദ്ദേഹത്തെ തരം താഴ്ത്തിയത്. എം.മുഹമ്മദ് സലീം പെരിന്തല്‍മണ്ണ നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാനുമായിരുന്നു. ഈ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായി ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച രണ്ടു പേരില്‍ ഒരാളും ആയിരുന്നു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ശുഷ്‌ക്കാന്തി പ്രകടിപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായി കമ്മീഷന്‍ റിപോര്‍ട്ടില്‍ പാമര്‍ശിക്കപ്പെട്ടതായാണ് സൂചന.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയവരില്‍ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ എം മുഹമ്മദ് ഹനീഫ എന്ന വാപ്പു, ബ്രാഞ്ച് സെക്രട്ടറി എം.ഹമീദ് എന്നിവരെ താക്കീതു ചെയ്തു.
അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റിലെ അംഗവും മുതിര്‍ന്ന നേതാവുമായ പി പി വാസുദേവനെതിരെയുള്ള നടപടി സംസ്ഥാന സമിതിക്കു വിട്ടു. നിലവില്‍ സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നസ്വരം ഉയര്‍ന്നെങ്കിലും പാര്‍ട്ടി ഘടകങ്ങള്‍ നല്‍കിയ കണക്കനുസരിച്ചു ഇടതു സ്വതന്ത്രന്‍ കെ.പി.എം മുസ്തഫയുടെ വിജയം സുനിശ്ചിതമായിരുന്നു. വോട്ടെണ്ണിയപ്പോള്‍ 38 വോട്ടിനു പരാജയപ്പെട്ടത് പാര്‍ട്ടിക്കേറ്റ പ്രഹരമായി. 2016ലെ നേരിയ ഭൂരിപക്ഷത്തിന്റെ വിജയത്തില്‍ ആശങ്കയുള്ളതിനാലാണ് മഞ്ഞളാംകുഴി അലി ഇത്തവണ കളംമാറിയത്. അതോടെ പെരിന്തല്‍മണ്ണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. ബൂത്തുകളില്‍ നിന്നു ലഭിച്ച കണക്കനുസരിച്ച് വന്‍ ഭൂരിപക്ഷത്തിനു ഇടതു സ്വതന്ത്രന്‍ ജയിക്കേണ്ടതായിരുന്നു.