മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം; മര്‍ദ്ദനം കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രതികളുടെ ചിത്രം പകര്‍ത്തിയപ്പോള്‍
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച സിറാജ് ഫോട്ടോഗ്രാഫറെയും പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനെയുമാണ് അക്രമിച്ചത്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതി വളപ്പിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി കുമാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് ഹാജരായിരുന്നു. ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി കുമാറിനെ മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണും അക്രഡിറ്റേഷന്‍ കാര്‍ഡും പിടിച്ച് വാങ്ങി. പകര്‍ത്തിയ ചിത്രങ്ങള്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിലും മര്‍ദ്ദനമേറ്റു. 20ലേറെ വരുന്ന അഭിഭാഷകരുടെ സംഘമാണ് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ട്് ഏറെ നേരത്തിന് ശേഷമാണ് കേസെടുക്കാന്‍ പോലിസ് തയ്യാറായത്. പോലിസ് സ്‌റ്റേഷന് മുന്നില്‍ വച്ചും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
നേരത്തെയും വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഈ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തുന്നത് കുറവാണ്.