പശുവിറച്ചി വില്‍പ്പന ആരോപിച്ച് മര്‍ദ്ദനം: നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ചന്തയില്‍വെച്ച് പശുവിറച്ചി വില്‍പ്പന നടത്തി എന്നാരോപിച്ചാണ് ഹൈന്ദവ ഫാഷിസ്റ്റുകള്‍ ഷൗക്കത്ത് അലിയെ മര്‍ദ്ദനത്തിനിരയാക്കിയത്.

Update: 2020-09-17 19:16 GMT

ഗുവാഹത്തി: പശുക്കൊല ആരോപിച്ച് മുസ്‌ലിം വൃദ്ധനെ  മര്‍ദ്ദിച്ച സംഭവത്തില്‍ അസം സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 2019 ഏപ്രില്‍ 7 ന് അസമിലെ ബിശ്വനാഥ് ചരിയാലി പട്ടണത്തില്‍ വച്ച് ഷൗക്കത്ത് അലി എന്ന മുസ്‌ലിം വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

ചന്തയില്‍വെച്ച് പശുവിറച്ചി വില്‍പ്പന നടത്തി എന്നാരോപിച്ചാണ് ഹൈന്ദവ ഫാഷിസ്റ്റുകള്‍ ഷൗക്കത്ത് അലിയെ മര്‍ദ്ദനത്തിനിരയാക്കിയത്. ക്രൂര മര്‍ദ്ദനം നടത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാഴ്ച്ചക്കാരായി ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസിന്റെ അസംബ്ലി നേതാവ് ദെബബ്രത സൈകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അക്രമികളെ തടയാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന് ഷൗക്കത്ത് അലി പരാതിപ്പെട്ടിരുന്നു. മര്‍ദ്ദനത്തിനു ശേഷം അലിയെ ജനക്കൂട്ടത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. വൈദ്യസഹായവും നല്‍കിയില്ല; വസ്ത്രം മാറാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ല. അടുത്ത ദിവസം ഏപ്രില്‍ എട്ടിന് മാത്രമാണ് പ്രാഥമിക മെഡിക്കല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ ചീഫ് സെക്രട്ടറി മറുപടി നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) നടപടിയെടുത്തിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ട്, ഈ വര്‍ഷം ഒക്ടോബര്‍ 24 നകം അലിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

Tags:    

Similar News