അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

Update: 2022-08-20 01:20 GMT

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന് വിധി പറയും. ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് എസ്ഇ- എസ്ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്ന് പുറത്തുവന്ന ഫോണ്‍ വിവരങ്ങളിലുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍ മധു കൊലക്കേസിലെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവച്ചിരുന്നു. ഈ മാസം 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അതിനായി പ്രതിദിനം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

പ്രതികള്‍ നേരിട്ടും, ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന പോലിസ് റിപോര്‍ട്ടും ഇതിനോടകം വിചാരണ കോടതിയുടെ മുമ്പിലെത്തിയിട്ടുണ്ട്. തുടര്‍ കൂറുമാറ്റങ്ങള്‍ക്കിടെ ജൂലൈ 16നാണ് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പാക്കാന്‍ ജില്ലാ ജഡ്ജി ചെയര്‍മാനായുള്ള കമ്മിറ്റി ഉത്തരവിട്ടത്. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തടയാനായില്ല. രഹസ്യമൊഴി നല്‍കിയവരും പോലിസിന് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയവരും കോടതിയില്‍ കൂറുമാറി. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേരാണ് കൂറുമാറിയത്.

Tags:    

Similar News