അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി

Update: 2023-03-30 07:41 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് വിധിപറയുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ് സിഎസ് ടി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ഒരു സംഘം കെട്ടിയിട്ട ശേഷം തല്ലിക്കൊന്നത്. മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. കേസില്‍ 127 സാക്ഷികളാണുണ്ടായിരുന്നതില്‍ 101 പേരെ വിസ്തരിച്ചു. 76 പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കിയപ്പോള്‍ 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. 2022 ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ് സിഎസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. വിചാരണയുടെ തുടക്കത്തില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. പിന്നീട് വിചാരണക്കിടയില്‍ അഞ്ച് സാക്ഷികള്‍ കൂടി ചേരുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസില്‍ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം ഏറെ ചര്‍ച്ചയായിരുന്നു.

Tags:    

Similar News