അട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍
മധു വധക്കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് പോലിസ് പിടിയിലായത്
പാലക്കാട്: അട്ടപ്പാടി മധു വധവുമായി ബന്ധപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള്‍ പോലിസ് പിടിയില്‍.മധു വധക്കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് പോലിസ് പിടിയിലായത്.മധുവിന്റെ പെങ്ങള്‍ സരസുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയില്‍ നിന്നാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പോലിസ് പറഞ്ഞു. അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു.പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം തുടങ്ങാനിരിക്കുകയായിരുന്നു. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ്‌സി എസ്ടി കോടതിയില്‍ വിസ്തരിക്കാനിരിക്കുകയായിരുന്നു.വിചാരണ വേഗത്തിലാക്കാന്‍ വേണ്ടി ഇന്നുമുതല്‍ ദിവസേനെ അഞ്ചുപേരെ വിസ്തരിക്കാനായിരുന്നു തീരുമാനം.കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തി ആറാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്.ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയിരുന്നു.സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.