കണ്ണൂരില്‍ റെയില്‍വേ ജീവനക്കാരിയെ കഴുത്തിന് കത്തിവച്ച് അപായപ്പെടുത്താന്‍ ശ്രമം; പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Update: 2021-10-30 12:58 GMT

കണ്ണൂര്‍: രാത്രികാല ഡ്യൂട്ടിക്കിടെ റെയില്‍വേ ജീവനക്കാരിയെ കഴുത്തിന് കത്തിവച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമ ബംഗാള്‍ മേദിപൂര്‍ സ്വദേശി ശംഭുനാഥ് ജാന എന്ന ബാബു(31) വിനെയാണ് അസി. പോലിസ് കമ്മീഷണര്‍ പി പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

ചെറുകുന്ന് തറക്ക് സമീപം ഹോട്ടലില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയായ ഇയാളെ ഇന്നലെ രാത്രിയോടെയാണ് കണ്ണപുരം എസ് ഐ വി ആര്‍ വിനീഷ്, എഎസ്‌ഐമാരായ സാംസണ്‍, വിനോദ്, റഷീദ്, മനീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ കമലേഷ് , ജിജോ, സുഗേഷ് എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തത്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞതോടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റെയില്‍വേ ഗേറ്റിനു സമീപം നൂറു മീറ്റര്‍ അകലെയാണ് ഇയാള്‍ താമസം. ഇക്കഴിഞ്ഞ 26ന് പുലര്‍ച്ചെ 12.40 ഓടെയാണ് സംഭവം. ചെറുകുന്ന് കോണ്‍വെന്റ് റോഡില്‍ എല്‍.സി. 253 നമ്പര്‍ റെയില്‍വേ ഗേറ്റിലെ പോയിന്റ്‌സ്‌മെന്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഭര്‍തൃമതിയായ 37കാരിയെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ട്രെയിന്‍ പോയ ശേഷം റെയില്‍വെ ഗേറ്റിലെ മുറിയിലേക്ക് പോയ ഇവര്‍ക്ക് പിന്നാലെ അകത്തുകടന്ന അക്രമി കൈയില്‍ കത്തിയുമായി ജീവനക്കാരിയെ തടഞ്ഞുവയ്ക്കുകയും കഴുത്തിന് നേരെ കത്തി പിടിക്കുകയും ചെയ്യുകയായിരുന്നു. പരിഭ്രാന്തിയിലായെങ്കിലും ജീവനക്കാരി കൈയില്‍ കരുതിയ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ അക്രമി ഇരുട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കണ്ണപുരം പോലിസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 

Tags:    

Similar News