റെയ്ഡിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമം; സൈന്യത്തിനെതിരേ കശ്മീരി കുടുംബം
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാളില്‍ റെയ്ഡിനെത്തിയ സൈനികര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചതായി പരാതി. ത്രാളിലെ സീര്‍ പ്രദേശത്തുള്ള കുടുംബമാണ് സൈന്യത്തിനെതിരേ ആരോപണവുമായി രംഗത്തുവന്നത്.
തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ സൈന്യം തങ്ങളുടെ മകള്‍ ഇസ്രത് ജാനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ കീറിക്കളഞ്ഞ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതായി കുടുംബം പരാതിപ്പെട്ടതായി കെഎന്‍ഒ ന്യൂസ് പറഞ്ഞു.
ഇസ്രത്തിനെ സൈന്യം മര്‍ദ്ദിച്ചതായും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ഈ ശ്രമത്തിനിടയില്‍ പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു.
പിന്നീട് പെണ്‍കുട്ടിയുടെ മാതാവ് ഒച്ചവെച്ച് ആളെ കൂട്ടിയശേഷമാണ് സൈന്യം പിന്‍മാറിയത്.
സൈ്യം തങ്ങളുടെ കുടുംബത്തില്‍ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും തങ്ങള്‍ ഭയന്നിരിക്കുകയാണെന്നും കുടുംബം പറയുന്നു.
ഒരു മകന്‍ മൂന്ന് മാസമായി ജയിലിലാണ്. ഇപ്പോള്‍ തന്റെ മറ്റ് രണ്ട് മക്കളെ സൈന്യം ഉപദ്രവിക്കുന്നതായി മാതാവ് പരാതിപ്പെട്ടു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചതിനെതിരേ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി ട്വീറ്റ് ചെയ്തിരുന്നു. സൈന്യം ഈ ഗ്രാമത്തിലുള്ളവരെ ആക്രമിക്കുന്നത് ആദ്യമല്ലെന്നും മുഫ്തിയുടെ ട്വീറ്റില്‍ പറയുന്നു.
സൈന്യം എല്ലാ ആരോപണവും നിഷേധിച്ചു.
കുടുംബം സായുധരുമായി ബന്ധമുള്ളവരാണെന്ന് പോലിസ് അവകാശപ്പെട്ടു. ഒരു മകന്‍ ജയിലിലാണെന്നും അതും തീവ്രവാദവുമായി ബന്ധപ്പെട്ടകേസിലാണെന്നും പോലിസ് പറയുന്നു.