ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളേജ് ആര്‍എസ്എസ് ആയുധപരിശീലനത്തിന് വിട്ടുനല്‍കി; പ്രതിഷേധമാര്‍ച്ചുമായി കാംപസ് ഫ്രണ്ട്
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് മൈതാനി ആര്‍എസ്എസ്സിന്റെ ആയുധപരിശീലനത്തിനു വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് ആറ്റിങ്ങല്‍ ഏരിയയുടെ കീഴില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് കോളേജിന്റെ നൂറു മീറ്ററിനിപ്പുറം പോലിസ് തടഞ്ഞു.
ആറ്റിങ്ങല്‍ ഏരിയ പ്രസിഡണ്ട് അല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അസ്ലം കല്ലമ്പലം ഉത്ഘാടനം ചെയ്തു.
സര്‍ക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കുലര്‍ നിലനിന്നിട്ടും ആര്‍എസ്എസ്സിന് സ്‌കൂള്‍ വിട്ടു നല്‍കിയത് അധികൃതരുടെ സംഘപരിവാര താത്പര്യമാണ് കാണിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
ഇതിനെക്കുറിച്ച് പരാതി നല്‍കാന്‍ കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ കോളേജ് സൂപ്രണ്ട് അതിനെ ന്യായീകരിച്ചുവത്രെ. പരാതിക്കാരെ പരിസഹിക്കുകയും ചെയ്തു. സംഘപരിവാര മുദ്രാവാക്യം മുഴക്കിയതായും ആരോപണമുണ്ട്.
എസ്എഫ്‌ഐ യൂനിയന്‍ ഭരിക്കുന്ന കോളേജില്‍ കോളേജ് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ആര്‍എസ്എസ്സിന്റെ പരിപാടി തടയാന്‍ ശ്രമിക്കാത്തത് മതേതരതത്തിന്റെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്ന എസ്എഫ്‌ഐയുടെ കപടതയാണ് തെളിയിക്കുന്നത്. സര്‍ക്കാര്‍ ശമ്പളംപറ്റുന്നവര്‍ നടത്തുന്ന ഗുരുതരമായ ചട്ടലംഘനത്തിനെതിരെ കാംപസ് ഫ്രണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.