ഇന്ധന വിലവര്‍ധന;ഡല്‍ഹിയില്‍ ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്

90,000 ല്‍ അധികം ഓട്ടോകളും 80,000 അധികം രജിസ്‌ട്രേഡ് ടാക്‌സികളും ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്

Update: 2022-04-18 04:36 GMT
ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍,സിഎന്‍ജി വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്. ടാക്‌സി നിരക്ക് കൂട്ടണം സിഎന്‍ജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവെക്കുന്നത്.ഓട്ടോ ടാക്‌സി നിരക്കുകള്‍ നിശ്ചയിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

സിഎന്‍ജിക്ക് സബ്‌സിഡി നല്‍കുകയോ ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുകയോ വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.എന്നാല്‍ സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ധന വില കുറച്ചും യാത്രാനിരക്ക് പരിഷ്‌കരിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി ഡല്‍ഹി സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ പ്രസിഡന്റ് കമല്‍ജീത് ഗില്‍ പറഞ്ഞു.

സിഎന്‍ജി നിരക്കുകളിലെ അഭൂതപൂര്‍വമായ വര്‍ധന ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരെ ബാധിച്ചിട്ടുണ്ടെന്ന് ഡല്‍ഹി ഓട്ടോ റിക്ഷാ സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു.നിരക്ക് പരിഷ്‌കരിക്കുക, സിഎന്‍ജി വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പതിനായിരത്തോളം വരുന്ന ആര്‍ടിവി ബസുകളും നിരത്തിലിറങ്ങില്ലെന്ന് എസ്ടിഎ ഓപ്പറേറ്റേഴ്‌സ് ഏകതാ മഞ്ച് ജനറല്‍ സെക്രട്ടറി ശ്യാംലാല്‍ ഗോല പറഞ്ഞു.

90,000 ല്‍ അധികം ഓട്ടോകളും 80,000 അധികം രജിസ്‌ട്രേഡ് ടാക്‌സികളും ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.

Tags:    

Similar News