അയോധ്യ: ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സമുച്ചയം എസ് എം അക്തര്‍ രൂപകല്‍പ്പന ചെയ്യും
മാനുഷിക മൂല്യങ്ങള്‍, ഇന്ത്യന്‍ ധാര്‍മ്മികത, ഇസ്‌ലാമിക ചൈതന്യം എന്നിവയോടെ സമൂഹത്തെ സേവിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം ഉണ്ടായിരിക്കുക എന്നതാണ് പ്രധാന ആശയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈസാബാദ്: ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിനു പകരം അയോധ്യയിലെ സുന്നി വഖഫ് ബോര്‍ഡിന് സുപ്രിം കോടതി അനുവദിച്ച സ്ഥലത്ത് നിര്‍മിക്കുന്ന ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സമുച്ചയം പ്രൊഫ. എസ് എം അക്തര്‍ രൂപകല്‍പ്പന ചെയ്യും. ബാബരി മസ്ജിദ് രാമ ജന്മഭൂമി കേസില്‍ കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധി പ്രകാരം ധന്നിപൂര്‍ ഗ്രാമത്തില്‍ 5 ഏക്കര്‍ സ്ഥലം ബോര്‍ഡിന് അനുവദിച്ചിരുന്നു.
ജാമിഅ മില്ലിയയിലെ അധ്യാപകനാണ് പ്രൊഫ എസ് എം അക്തര്‍. നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐഐസിഎഫ്) സെക്രട്ടറി അഥര്‍ ഹുസൈന്‍ സമുച്ചയം രൂപകല്‍പ്പന ചെയ്യാന്‍ തിരഞ്ഞെടുത്തതായി അറിയിച്ചതായി അക്തര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
''ഞാന്‍ മുഴുവന്‍ സമുച്ചയവും രൂപകല്‍പ്പന ചെയ്യും; മസ്ജിദ് അതിന്റെ ഭാഗമാകും. സമുച്ചയത്തില്‍ എന്തൊക്കെ വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, പക്ഷേ ഒരു ആശുപത്രി ഉണ്ടാകും. മാനവികതയെയും സമൂഹത്തെയും സേവിക്കുക എന്നതാണ് അടിസ്ഥാന ആശയം. അതിനായി ഞങ്ങള്‍ക്ക് എന്തും നിര്‍മ്മിക്കാന്‍ കഴിയും, '' പ്രൊഫ. എസ് എം അക്തര്‍ പറഞ്ഞു.
നിര്‍മാണത്തിന് സമയപരിധി വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അടിസ്ഥാന ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയുണ്ട്. മാനുഷിക മൂല്യങ്ങള്‍, ഇന്ത്യന്‍ ധാര്‍മ്മികത, ഇസ്‌ലാമിക ചൈതന്യം എന്നിവയോടെ സമൂഹത്തെ സേവിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം ഉണ്ടായിരിക്കുക എന്നതാണ് പ്രധാന ആശയമെന്നും അദ്ദേഹം വ്യക്തമാക്കി.