ബാബരി ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണം: ബംഗളൂരുവിലെ ക്രിസ്ത്യന്‍ കൂട്ടായ്മ ഒരു കോടി നല്‍കി
നഗരത്തില്‍ ക്രിസ്ത്യന്‍ വികസന കോര്‍പറേഷന്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ അനുവദിച്ചതിന് സമുദായ പ്രതിനിധിയും ബിസിനസുകാരനുമായ റൊണാള്‍ഡ് കൊളാസന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തി.
ബംഗളൂരു: അയോധ്യയിലെ ബാബരി മസ്ജിത് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിനു വേണ്ടി ബംഗളൂരുവിലെ ക്രിസ്ത്യന്‍ കൂട്ടായ്മ ഒരു കോടി രൂപ നല്‍കി. ക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനിടെയാണ് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഒരു കോടി രൂപ സംഭാവന ചെയ്തതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ പറഞ്ഞു. ക്രിസ്ത്യന്‍ സംരംഭകര്‍, ബിസിനസുകാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ചീഫ് എക്‌സിക്യൂട്ടീവുകള്‍, മാര്‍ക്കറ്റിങ് വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയത്. നഗരത്തില്‍ ക്രിസ്ത്യന്‍ വികസന കോര്‍പറേഷന്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ അനുവദിച്ചതിന് സമുദായ പ്രതിനിധിയും ബിസിനസുകാരനുമായ റൊണാള്‍ഡ് കൊളാസന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തി.
2019 നവംബറിലാണ് സുപ്രിം കോടതി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഉത്തരവിട്ടത്. ഹിന്ദുത്വ കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിനു തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് യാതൊരു തെളിവുമില്ലാഞ്ഞിട്ടും ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയത് വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നു നിരീക്ഷിച്ചാണ് സുപ്രിംകോടതി പള്ളി നിര്‍മാണത്തിനു ബദല്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
പ്രസ്തുത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി ശ്രീരാം ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് രാജ്യവ്യാപകമായി ഫണ്ട് ശേഖരിക്കുകയാണ്. ജനുവരി 15ന് ആരംഭിച്ച ഫണ്ട് ശേഖരണം ഫെബ്രുവരി 27 വരെ നടക്കുമെന്ന് ശ്രീരാം ജന്‍മഭൂമി തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ജനറല്‍ ചമ്പത് റായ് അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ആദ്യത്തെ തുക കൈമാറിയത്. രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണാര്‍ഥം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും നടത്തിയ റാലിക്കിടെ മുസ് ലിംകള്‍ക്കെതിരേ സംഘടിത ആക്രമണം നടന്നിരുന്നു.
Group Of Christians In Bangalore Donate Rs 1 Crore To Ram Temple Construction