രാമക്ഷേത്രനിര്‍മാണത്തിന് പണപ്പിരിവ്: പ്രതിഷേധം ഫലം കണ്ടു; എസ്ബിഐ പിന്‍വാങ്ങി
സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ രാജ്യമെമ്പാടും ബാങ്ക് ജീവനക്കാരുടെ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവിലാണ് എസ്ബിഐയുടെ നടപടി. എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ 'യോനോ' ഉപയോഗപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വ്യാപക പണപ്പിരിവിന് ശ്രമം നടത്തിയത്.
കോഴിക്കോട്: അയോധ്യയിലെ വിവാദ രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് സമാഹരിക്കാനുള്ള നീക്കത്തില്‍നിന്ന് പൊതുമേഖല സ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിന്‍വാങ്ങി. സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ രാജ്യമെമ്പാടും ബാങ്ക് ജീവനക്കാരുടെ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവിലാണ് എസ്ബിഐയുടെ നടപടി. എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ 'യോനോ' ഉപയോഗപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വ്യാപക പണപ്പിരിവിന് ശ്രമം നടത്തിയത്.
പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള സംഭവങ്ങളുണ്ടാവുമ്പോള്‍ ദുരിതാശ്വാസത്തിനായി സംഭാവന ചെയ്യേണ്ട ലിങ്കുകള്‍ എസ്ബിഐ യോനോ ആപ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, അയോധ്യ ക്ഷേത്രനിര്‍മാണത്തിന് പരസ്യമായി ഫണ്ട് പിരിക്കാന്‍ പൊതുമേഖലാ ബാങ്കിങ് സംവിധാനത്തെ ഉപയോഗിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ബാങ്കിങ് രംഗത്തെ സംഘടിതപ്രസ്ഥാനങ്ങള്‍ ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. ഇതോടെയാണ് യോനോ ആപ്പില്‍നിന്ന് ലിങ്ക് ഒഴിവാക്കിയത്. സംഭാവന പിരിക്കാനുള്ള ലിങ്ക് നീക്കംചെയ്തശേഷം യോനോ വ്യക്തിഗത സ്വര്‍ണ വായ്പയുടെ വിവരങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പരസ്യത്തിനൊപ്പം രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യുക എന്നാവശ്യപ്പെടുന്ന ലിങ്കും ആപ്പില്‍ ലോഗിന്‍ ചെയ്യുന്ന എസ്ബിഐ ഉപഭോക്താവിന് കാണാനാവുമായിരുന്നു. കൂടാതെ, ശ്രീറാം ജന്‍മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന അക്കൗണ്ട് പേരും നമ്പറും ഐഎഫ്എസ്‌സി കോഡും പേജിന്റെ താഴെ നല്‍കി. അതിന് താഴെയായി എസ്ബിഐയുടെ യുപിഐ കോഡും രേഖപ്പെടുത്തിയിരുന്നു.
പ്രകൃതി ദുരന്തസയമങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടതിന് സമാനമായി ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അയോധ്യക്ഷേത്ര നിര്‍മാണത്തിന് പരസ്യപിരവ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) കേന്ദ്രനീക്കത്തോട് നേരത്തെ പ്രതികരിച്ചത്.