അനധികൃത പണപ്പിരിവുകള്‍ക്ക് കൂച്ചുവിലങ്ങുമായി യുഎഇ

മുന്‍കൂര്‍ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യക്തികള്‍ സംഭാവന പിരിക്കുന്നതിനെതിരേയാണ് യുഎഇ ഭരണകൂടം കര്‍ശന നിയമം കൊണ്ടുവന്നിരിക്കുന്നത്.

Update: 2022-01-15 07:21 GMT

ദുബയ്: അനധികൃത പണപ്പിരിവുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് യുഎഇ. മുന്‍കൂര്‍ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യക്തികള്‍ സംഭാവന പിരിക്കുന്നതിനെതിരേയാണ് യുഎഇ ഭരണകൂടം കര്‍ശന നിയമം കൊണ്ടുവന്നിരിക്കുന്നത്.

അംഗീകൃത സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇനി മുതല്‍ പണപ്പിരിവിന് അനുമതി ഉണ്ടാവു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമവിധേയമായ മാര്‍ഗത്തിലൂടെ അല്ലാതെ പണം, സാധനങ്ങള്‍, വിദേശ നാണ്യം, ബോണ്ട്, ചെക്ക്, ഓഹരികള്‍ എന്നിവ നല്‍കുന്നതും സ്വീകരിക്കുന്നതും പുതിത നിയമപ്രകാരം കുറ്റകരമാണ്. പുതിയ നിയമപ്രകാരം വ്യക്തികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന പിരിക്കാന്‍ അവകാശമില്ല. മറ്റൊരു വ്യക്തിയെയോ കുടുംബത്തെയോ സഹായിക്കുന്നതിനായി പിരിവ് നടത്തുന്നതും ഇതുപ്രകാരം കുറ്റകരമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ ആണെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ സംഭാവന പിരിക്കുന്നതിനു മുമ്പായി അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി തേടണം. അനുമതി നേടാതെ സംഭാവന സ്വീകരിച്ചാല്‍ ആ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. യുഎഇക്ക് പുറത്തുള്ളവരെ സഹായിക്കാന്‍ പിരിവ് പാടില്ല

അതേസമയം, കുടുംബത്തിലെ ഒരു അംഗത്തെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതില്‍ വിലക്കില്ല. എന്നാല്‍ യുഎഇക്ക് പുറത്തുള്ള ഒരാളെ സഹായിക്കുന്നതിനായി യുഎഇയിലുള്ള കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിരിവ് നടത്തുന്നതിന് നിയന്ത്രണമുണ്ട്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ അത് പാടുള്ളൂ. മാത്രമല്ല, വ്യക്തികള്‍ക്ക് സ്വന്തമായി ഇത്തരം പിരിവുകള്‍ നടത്താന്‍ അനുമതി നല്‍കില്ല. രാജ്യത്തിന് പുറത്തേക്ക് ജീവകാരുണ്യത്തിനായി മരുന്നുകളും ഭക്ഷ്യപദാര്‍ഥങ്ങളും കൊണ്ടുപോകുമ്പോള്‍ അവയ്ക്ക് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടെന്ന് ഉറപ്പുവരുത്തണം.

പ്രത്യേക അനുമതിയില്ലാതെ സോഷ്യല്‍ മീഡിയ വഴിയും മറ്റു ഡിജിറ്റല്‍ ഫോര്‍മാറ്റിലൂടെയുമുള്ള സംഭാവന പിരിവും പുതിയ നിയമപ്രകാരം വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും അഭ്യര്‍ഥനകളും ഓണ്‍ലൈനായോ മറ്റോ നടത്തുന്നതും കുറ്റകരമാണ്. പള്ളികളിലും മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ച് പിരിവ് നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഇതിനും സര്‍ക്കാര്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണം.

പണപ്പിരിവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ രണ്ട് മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും തടവുമാണ് ശിക്ഷ. പണപ്പിരിവിലൂടെ രാജ്യ സുരക്ഷയെയോ പൊതു ജീവിതത്തെയോ അപകടപ്പെടുത്തിയാലും ഇതു തന്നെയാണ് ശിക്ഷ. അനുമതി ലഭിച്ച ഉദ്ദേശ്യത്തിനല്ലാതെ സംഭാവനത്തുക വകമാറ്റി ചെലവഴിച്ചാല്‍ തടവും ഒന്നര ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കും. സക്കാത്ത് ഫണ്ട്, ഔഖാഫ്, മൈനര്‍ അഫയേഴ്‌സ് ഫൗണ്ടേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമെ, ഇരുപതിലേറെ അംഗീകൃത ജീവകാരുണ്യ സംഘടനകള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Tags:    

Similar News