തിരൂര്‍: രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്തതിന്റെ മഹാദുരന്തമാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് ഐഎന്‍എല്‍ മലപ്പുറം ജില്ല കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച മതേതര ജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. മതേതര സര്‍ക്കാര്‍ രാജ്യം ഭരിച്ചിട്ടും ബാബരി മസ്ജിദ് തകര്‍ക്കപ്പെടാനിടയായത് വോട്ട് രാഷ്ട്രീയത്തിന് വേണ്ടി ഹിന്ദുത്വ ശക്തികളുമായി ഭരണകൂടം ഒത്ത് കളിച്ചതിന്റെ ഫലമാണെന്നും ഐഎന്‍എല്‍ ആരോപിച്ചു.
നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ശമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ടി എ സമദ്
അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ ജില്ല നേതാക്കളായ സി പി അബ്ദുല്‍ വഹാബ്, റഫീഖ് പെരുന്തല്ലൂര്‍, കെ പി അബ്ദുറഹിമാന്‍, എ കെ സിറാജ്, അക്ബര്‍ പൊന്നാനി, മൊയ്തു പൊന്നാനി, എവിഎം മാണിയൂര്‍, റഫീഖ് മീനടത്തൂര്‍, ഫാറൂഖ് പൊന്നാനി എന്നിവര്‍ സംസാരിച്ചു.