നീതി വീണ്ടെടുക്കുന്നതുവരെ ബാബരി സ്മരിക്കപ്പെടണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ഇന്ത്യന്‍ മുസ്‌ലിം സമൂഹം നേരിട്ട ഒരായിരം നീതിനിഷേധങ്ങളുടെ നീറുന്ന പ്രതീകമാണ് ബാബരി മസ്ജിദ്. നീതിയുടെ വീണ്ടെടുപ്പിന്റെ പ്രതീകമായി ബാബരി മസ്ജിദ് മാറുന്ന കാലംവരെ അത് സ്മരിക്കപ്പെട്ടുകൊണ്ടിരിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഹ്വാനം ചെയ്തു.

Update: 2020-08-04 17:17 GMT

മലപ്പുറം: രാമക്ഷേത്രത്തിന്റെ പേരില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നടക്കുന്നത് നീതി നിഷേധത്തിന്റെയും സ്വാതന്ത്ര്യ ധ്വംസനത്തിന്റെയും ആവര്‍ത്തനമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പറഞ്ഞു.

ഇന്ത്യന്‍ മുസ്‌ലിം സമൂഹം നേരിട്ട ഒരായിരം നീതിനിഷേധങ്ങളുടെ നീറുന്ന പ്രതീകമാണ് ബാബരി മസ്ജിദ്. നീതിയുടെ വീണ്ടെടുപ്പിന്റെ പ്രതീകമായി ബാബരി മസ്ജിദ് മാറുന്ന കാലംവരെ അത് സ്മരിക്കപ്പെട്ടുകൊണ്ടിരിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഹ്വാനം ചെയ്തു.

ബാബരി മസ്ജിദ് ഒരേസമയം, വിശ്വാസത്തെയും ആദര്‍ശത്തെയും ചരിത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. അതിനെ മറവിക്ക് വിട്ടുകൊടുക്കാനാവില്ല. മുസ്‌ലിം സമൂഹത്തിന്റെ പ്രതീക്ഷയും ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന ഒരു കേന്ദ്രബിന്ദുവും കൂടിയാണത്. നിരന്തരമായ കലാപങ്ങളിലൂടെയും വിദ്വേഷ പ്രചാരണങ്ങളിലൂടെയും രാജ്യസമാധാനത്തിനു ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് തീവ്രഹിന്ദുത്വം ബാബരി ഭൂമി കൈയേറിയത്. ഈ നെറികേടിനു കാലാകാലങ്ങളില്‍ ഒത്താശചെയ്ത രാഷ്ട്രീയ, അധികാര കേന്ദ്രങ്ങള്‍ അവരുടെ വഞ്ചനാപരമായ സമീപനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കാല്‍നൂറ്റാണ്ടിലധികം ഇന്ത്യന്‍ മുസ്‌ലിംകള്‍ ജുഡീഷ്യറിയില്‍ അര്‍പ്പിച്ച വിശ്വാസം പോലും അസ്ഥാനത്താവുകയായിരുന്നു.

അതുകൊണ്ടു തന്നെ ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം തുടരേണ്ടത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്. രാജ്യത്തെ മുസ്‌ലിംകളടക്കം അടിച്ചമര്‍ത്തപ്പെടുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ വിമോചനവും ഭരണഘടനാ മൂല്യങ്ങളുടെ വീണ്ടെടുപ്പുമാണ് അതിലൂടെ നേടിയെടുക്കേണ്ടത്. അത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. നീതിയ്ക്കു വേണ്ടിയുള്ള ഇത്തരം നിലപാടുകള്‍ മുസ്‌ലിംകളുടെ വിശ്വാസപരമായ ബാധ്യതയാണ്.

ഈ മഹാരാജ്യം കെട്ടിപ്പടുത്ത പൂര്‍വീകരുടെ പോരാട്ടചരിത്രം ഉള്‍ക്കൊണ്ട് ബാബരിഭൂമിയില്‍ നീതി പുനസ്ഥാപിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ മത രാഷ്ട്രീയ സമുദായ സംഘടനാ ഭേദമന്യേ ഏവരും തയ്യാറാവണമെന്നും ഫാഷിസം വളരുന്നത് പൗരന്മാരുടെ മൗനത്തിലൂടെയാണെന്ന് പ്രത്യേകം ഓര്‍ക്കണമെന്നും അബ്ദുറഹ്മാന്‍ ബാഖവി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News