കരുവന്നൂരില്‍ ഇ.ഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്. കരുവന്നൂര്‍ കേസില്‍ ഇ.ഡി പരിശോധന നടത്തി പിടിച്ചെടുത്ത രേഖകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.
രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടാണ് വിചാരണക്കോടതിയായ പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി. എടുത്തത്. ഇതോടെ ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഫൊറന്‍സിക് പരിശോധനയ്ക്കായി ഇ.ഡിയുടെ കൈവശമുള്ള 90 രേഖകള്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി കേസ് രജിസ്റ്റര്‍ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യം ഇ.ഡി കേസിനേയും ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് രേഖകള്‍ വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചത്. പരിശോധനകള്‍ക്കുശേഷം ഇവ പി.എം.എല്‍.എ കോടതിയില്‍ തിരിച്ചെത്തിക്കണം.