കെവൈസി ഇല്ലാതെ ബാങ്ക് അക്കൗണ്ട്, പണം എത്തിയ വഴി സിപിഎം വിശദീകരിക്കണം: ഇഡ‍ി

Update: 2024-04-02 05:06 GMT

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് ലോക്കല്‍ കമ്മിറ്റികള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ട് വിവരങ്ങളാണെന്ന് ഇഡി. കരുവന്നൂര്‍ ബാങ്കില്‍ പുറത്തശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടേതായി അഞ്ച് അക്കൗണ്ടുകള്‍ ഉണ്ട്. ഇതിന് കെവൈസി രേഖകളില്ല. ഇവയില്‍ ബെനാമി ലോണ്‍ വഴി ലഭിച്ച പണം നിക്ഷേപിച്ചതായി സംശയിക്കുന്നുണ്ട്. സിപിഎം നേതാക്കള്‍ നല്‍കിയത് ഏരിയ കമ്മിറ്റിയുടെ വിവരങ്ങള്‍ മാത്രമാണെന്നും ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയില്ലെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. ഇതിനായി സിപിഎമ്മിന്റെ ഉന്നത നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ഇഡി സമന്‍സ് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു. രഹസ്യമായ ഒരു അക്കൗണ്ടും പാര്‍ട്ടിക്കില്ല. എല്ലാ ചോദ്യം ചെയ്യലിനും സഹകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണ്. അന്വേഷണവുമായി സഹകരിക്കാതിരിക്കേണ്ട ഒരു കാര്യവുമില്ല. സിപിഎമ്മിന് ഒന്നും മറയ്ക്കാന്‍ ഇല്ല. ആരെക്കെ പ്രതികൂല തടസം സൃഷ്ടിച്ചാലും തെരഞ്ഞെടുപ്പില്‍ വിജയിക്കും. ഏരിയാ കമ്മിറ്റികള്‍ വരെയുള്ള അക്കൗണ്ട് വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാറുള്ളത്. മറ്റ് ഘടകങ്ങള്‍ക്ക് അക്കൗണ്ടുണ്ടാകാം. അതിലെന്താണ് തെറ്റ്? കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഡീലെന്ന് വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്. അവര്‍ക്കെന്താ പറയാന്‍ പാടില്ലാത്തത്. വര്‍ഗീയ ശക്തികളുമായി പ്രത്യക്ഷ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News