'ജാമ്യം നല്‍കിയത് മുസ്‌ലിമായതിനാല്‍'; ജഡ്ജിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ്

Update: 2022-01-14 01:46 GMT

പാലക്കാട്: കൊലക്കേസ് പ്രതി മുസ്‌ലിമായതിനാലാണ് മുസ്‌ലിമായ ജഡ്ജി ജാമ്യം അനുവദിച്ചതെന്ന് യുവമോര്‍ച്ച നേതാവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുള്‍ഹക്കീമിന് ജാമ്യം ലഭിച്ചതിനെതിരെയാണ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ വിദ്വേഷ പ്രസംഗം.

സംഘപരിവാര്‍ നേതൃത്വത്തില്‍ പാലക്കാട് ഡിവൈഎസ്പി ഓഫിസിലേക്ക് ബുധനാഴ്ച നടത്തിയ മാര്‍ച്ചിലായിരുന്നു വര്‍ഗീയ പ്രസംഗം. പ്രശാന്ത് പ്രകോപനപരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സഞ്ജിത്ത് വധക്കേസില്‍ അറസ്റ്റിലായ മുസ്‌ലിം പ്രതിക്ക് മുസ്‌ലിം ജഡ്ജി ജാമ്യം നല്‍കിയെന്നും, മുസ്‌ലിമായ ജഡ്ജി എസ്ഡിപിഐ തീവ്രവാദിക്ക് ജാമ്യം നല്‍കിയെന്നുമായിരുന്നു പരാമര്‍ശം.

മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതിനാണ് അബ്ദുല്‍ ഹക്കീമിനെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് വേണ്ടി അഡ്വ.എം മുഹമ്മദ് റാഷിദ്, അഡ്വ. എ എ റഹിം എന്നിവര്‍ കോടതിയില്‍ ഹാജരായി.

വിവാദ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിക്കുന്നതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് പറഞ്ഞു. 

Tags:    

Similar News