നിയമനത്തട്ടിപ്പ് കേസ്: രണ്ടാംപ്രതിയായ യുവമോര്‍ച്ച നേതാവ് ഒളിവിലെന്ന് പോലിസ്
പത്തനംതിട്ട: സ്‌പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പ് കേസിലെ രണ്ടാംപ്രതിയും യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയുമായ രാജേഷ് ഒളിവിലെന്ന് പോലിസ്. നിയമനത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയാ അഖില്‍ സജീവിന്റെ അടുത്ത കൂട്ടാളിയും സഹപാഠിയുമായ രാജേഷിന് സ്‌പൈസസ് ബോര്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 4.39 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐആറില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രാജേഷ് ഒളിവില്‍പോയെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലിസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുള്ള നിയമനത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയണ് അഖില്‍ സജീവ്. മീന്‍ കച്ചവടത്തില്‍ ഇരുവരും പങ്കാളിയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജ്യൂക്കേഷനാണ് നിയമനം നടത്തുന്നതെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. ട്രസ്റ്റിന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയും അപ്പോയിന്റ്‌മെന്റ് ലെറ്ററും നിയമന ഉത്തരവും ഉണ്ടാക്കി വഞ്ചിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പരാതിക്കാരന്റെ ഭാര്യാ സഹോദരന്റെ യുപിഐ വഴിയാണ് നാലുതവണ 91,800 രൂപ രാജേഷിന്റെ അക്കൗണ്ടിലേക്കും ഏഴുതവണകളായി 1,07,540 രൂപ അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കുമാണ് അയച്ചത്.
ഇതിനുപുറമെ, സൗത്ത് ഇന്ത്യന്‍ ബാങ്കിലെഓമല്ലൂര്‍ ശാഖയിലെ അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്ക് 2,40,000 രൂപയും നിക്ഷേപിച്ചതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അഖിലിന്റെ പണമിടപാടുകളുടെ വിശദവിവരങ്ങള്‍ തേടി സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ക്ക് പത്തനംതിട്ട പോലിസ് കഴിഞ്ഞദിവസം കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.