ബജ്‌റംഗ്ദളിന്റെ കലാപാഹ്വാന വീഡിയോ: നടപടിയെടുക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി

ഉപയോക്തൃ ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവിയുമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് കാര്‍ത്തി ചിദംബരം എംപി ബജ്‌റംഗ്ദളിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചോദിച്ചത്.

Update: 2020-12-17 01:18 GMT

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുകയും കാലാപങ്ങള്‍ക്ക് പ്രേപ്പിക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്ത തീവ്ര വര്‍ഗ്ഗീയ വിഭാഗമായ ബജ്‌റംഗ്ദളിനെതിരേ നടപടിയെടുക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ ബജ്‌റംഗ്ദളിനെ ന്യായീകരിച്ചത്.


ഉപയോക്തൃ ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവിയുമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് കാര്‍ത്തി ചിദംബരം എംപി ബജ്‌റംഗ്ദളിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചോദിച്ചത്. ജൂണ്‍ മാസത്തില്‍ ഡല്‍ഹിക്ക് പുറത്തുള്ള ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബജ്‌റംഗ്ദള്‍ ഏറ്റെടുത്ത ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന കമന്റുകള്‍ ഇതിനോടൊപ്പം വന്നിരുന്നു. 2.5 ലക്ഷം പേര്‍ ഫെയ്‌സ്ബുക്ക് വഴി കണ്ട ഈ വീഡിയോയെ കുറിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ റിപോര്‍ട്ട് സഹിതമായിരുന്നു കോണ്‍ഗ്രസ് എം പി ബജ്‌റംഗ്ദളിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ആരാഞ്ഞത്. കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ഇന്ത്യയിലെ ജീവനക്കാരെയും അപകടത്തിലാക്കാന്‍ സാധ്യത ഉള്ളതു കൊണ്ടാണ് ബജ്‌റംഗ്ദളിനെതിരേ നടപടിയെടുക്കാന്‍ ഫെയ്‌സ്ബുക്ക ്തയ്യാറാവാത്തതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ എഴുതിയിരുന്നു.


ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പാനല്‍ അംഗങ്ങള്‍ ബജ്‌റംഗ് ദളിനെതിരെ നടപടിയെടുക്കാന്‍ തക്ക തരത്തിലുള്ള ഒരു പ്രശ്‌നങ്ങളും ഇതുവരെ കണ്ടെത്തിയില്ല എന്നാണ് അജിത് മോഹന്‍ പറയുന്നത്.


അതേ സമയം, 'രാഷ്ട്രീയ നിലപാടുകളോ പാര്‍ടി അഫിലിയേഷനോ പരിഗണിക്കാതെ അപകടകരമായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ നടപടിയെടുക്കുകയാണ് ആഗോളതലത്തില്‍ ഫെയ്‌സ്ബുക്കിന്റെ നയമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് ആന്‍ഡി സ്‌റ്റോണ്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.




Tags:    

Similar News