ശ്രീലേഖക്ക് ദിലീപിനോട് ആരാധന;വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും ബാലചന്ദ്രകുമാര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.ദിലീപിനോട് അവര്‍ക്ക് ആരാധനയുണ്ടാകാമെന്നും അധികാരത്തില്‍ ഇരുന്ന സമയത്ത് എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ അവര്‍ സര്‍ക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് അവരുടെ പരാമര്‍ശങ്ങള്‍ എന്നറിയില്ല. ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല. അവര്‍ സര്‍വീസില്‍ ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒരു വ്യക്തിക്കും എന്തുപറയാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട്. അതുപയോഗിച്ച് ഇഷ്ടപ്പെട്ട നടനെ രക്ഷിക്കാനുള്ള തിരക്കഥയാണ് ഇപ്പോള്‍ ശ്രീലേഖ ഒരുക്കിയത്. റിട്ടയര്‍ ചെയ്യാന്‍ അവര്‍ കാത്തിരിക്കുയായിരുന്നു. ആദ്യം തന്നെ പ്രതിയുടെ വിഷമങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ അതിന്റെ രണ്ടാംഘട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞതിന്റെ സൂചന മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
സത്യസന്ധയായ ഉദ്യോഗസ്ഥയാണ് അവരെങ്കില്‍ ദിലീപിനോട് ചോദിക്കേണ്ടത് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഫോണ്‍ ഒളിപ്പിച്ചത് എന്തിനാണെന്നാണ്.പോലിസ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ദീലിപ് തയ്യാറാകണമെന്നായിരുന്നു അവര്‍ പറയേണ്ടത്.'ഇപ്പോഴും അവര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ വച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാമല്ലോ?അവര്‍ യൂ ട്യൂബില്‍ വന്ന് പറയുന്നതല്ലാതെ രേഖാ മൂലം കോടതിയിലെ സര്‍ക്കാരിലോ എഴുതി നല്‍കട്ടെ? തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ?' ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ പോലിസിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖ പറയുന്നത്. ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മര്‍ദ്ദ ഫലം എന്ന് പറഞ്ഞാണ് പോലിസ് നടപടിയെ ശ്രീലേഖ വിശേഷിപ്പിച്ചിരുന്നത്. യുടൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.